കളമശേരി സ്‌ഫോടനം: പ്രതി മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ്; മരിച്ച സ്ത്രീയെപ്പറ്റി ദുരൂഹത, സ്ഫോടനം റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌

കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെ യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനം
നടത്തിയത് ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ബോംബ് സ്‌ഫോടനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്‌ഫോടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ തന്നെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തതായും വിവരമുണ്ട്.

അതേസമയം മരിച്ച സ്ത്രീയെപ്പറ്റിയും ദുരൂഹതയുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതിന്റെ സൂചനകള്‍ പൊലീസ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ഐഇഡി വെക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഉണ്ട്. അതിന് ശേഷം റിമോര്‍ട്ട് കണ്‍ട്രോളിലാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ ഉള്ളത്. രണ്ട് സ്‌ഫോടനം നടത്തിയതിന് ശേഷം ഇയാള്‍ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥിരീകരണം നടത്തിയത്. സ്‌ഫോടനം നടത്തിയതില്‍ സ്വയം അവകാശമുന്നയിച്ചാണ് ഇയാള്‍ തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. നേരത്തെ ഇയാള്‍ ഇംഗ്ലീഷ് ട്യൂഷന്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ആദ്യ ഘട്ടത്തില്‍ പൊലീസ് ഇയാളെ സംശയിച്ചിരുന്നെങ്കിലും ഫെയ്‌സ്ബുക്കില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞ വിവരങ്ങള്‍ പൊലീസിന് മുന്നിലും ആവര്‍ത്തിച്ചു പറഞ്ഞതോടെയാണ് പൊലീസ് ഉറപ്പിച്ചത്.