കളമശേരി സ്ഫോടനം: പൊട്ടിയത് ടിഫിന്‍ ബോക്‌സ് ബോംബ്: IED സാന്നിധ്യം കണ്ടെത്തി

അമ്മയും കുട്ടിയും ഉൾപ്പടെ 3 പേർ അതീവ ഗുരുതരാവസ്ഥയിൽ; കൺവെൻഷൻ സെന്ററിലുണ്ടായിരുന്നത് 2000 പേർ; സ്‌ഫോടനത്തെക്കുറിച്ച് കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു.

കൊച്ചി: കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ.ഇ.ഡിയുടെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ് മേധാവി സ്ഥിരീകരിച്ചു. സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയില്‍ നിന്ന് അഞ്ചംഗ സംഘം കൊച്ചിയിലെത്തും. ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. 

ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. 3 ഇടത്താണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും രാജഗിരി ഉൾപ്പടെ സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2000 പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സ്‌ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 36 പേരാണ് നിലവില്‍ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേര്‍ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.

സ്‌ഫോടനത്തെക്കുറിച്ച് കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.