കളമശേരിയിലുണ്ടായത് ദൗര്‍ഭാഗ്യകരം; തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി: മുഖ്യമന്ത്രി; രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന് വിമര്‍ശനം

തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ കേരളം ഒറ്റ വികാരത്തിലാണ് നിന്നത്. മാധ്യമങ്ങളുടെ ആരോഗ്യകരമായ സമീപനവും സ്വാഗതാര്‍ഹമായിരുന്നെന്നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കളമശേരി സംഭവത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വിഷാംശം ഉള്ളവര്‍ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് മുഖ്യമന്തി ആവര്‍ത്തിച്ചു . ‘ആഭ്യന്തര വകുപ്പിന്‌റെ കൂടി ചുമതല വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാല്‍ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‌റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശേരിയില്‍ ഇന്നു കണ്ടത്. കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്‌റെ ജിഹാദിനു വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്കു നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണ്’ എന്നായിരുന്നു ട്വീറ്റില്‍ രാജീവ് പറഞ്ഞത്. ഇത് പൂര്‍ണമായും വര്‍ഗീയ വിക്ഷണത്തോടെ വന്നിട്ടുള്ള നിലപാടാണെന്നു പിണറായി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണഗതിയില്‍ ഒരു ആദരവ് കാണിക്കണം. ഫലപ്രദമായ അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ കേരള പോലീസാണ് രംഗത്തുള്ളതെങ്കിലും കാണുന്നതിനും പരിശോധിക്കുന്നതിനും കേന്ദ്ര ഏജന്‍സികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു ഗൗരവമായ സംഭവത്തില്‍ നേരത്തതന്നെ ഒരു പ്രത്യേക നിലപാടെടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈയൊരു വിഭാഗം സ്വീകരിച്ചു കാണുന്നത്. അതവരുടെ വര്‍ഗീയ നിലപാടിന്‌റെ ഭാഗമായിട്ടുള്ളതാണ്. കേരളം എല്ലാ വര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും’ മുഖ്യമന്ത്രി പറഞ്ഞു.