കളമശ്ശേരി സ്‌ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു, മരണ സംഖ്യ മൂന്നായി ഉയർന്നു

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻറർ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്‌ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. 25ഓളം പേർ ചികിത്സയിലാണ്. ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. കുമാരിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാനായിരുന്നില്ല.

ലയോണയെ കാണാത്തതിനെതുടർന്ന് ബന്ധു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കൺവെൻഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകൾ നാളെ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉൾപ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കൾ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാൻ വൈകിയത്.

കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് ഇന്ന് രാവിലെ 9.40ഓടെ സ്‌ഫോടനം നടന്നത്. സംഭവത്തിൽ പ്രതിയായ എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്