ഡൊമിനിക് മാര്‍ട്ടിനെ റിമാന്റ് ചെയ്തു; അഭിഭാഷകനില്ലാതെ സ്വന്തം നിലയില്‍ വാദിക്കും

കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി റിമാന്റ് ചെയ്തു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് മാര്‍ട്ടിനെ റിമാന്റ് ചെയ്തത്.

ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു.

മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയല്‍ പരേഡിനു ശേഷമാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

ഇന്നു രാവിലെ മാര്‍ട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാര്‍ട്ടിന്റെ ഫ്‌ലാറ്റിലും സ്‌ഫോടനം നടന്ന സംറ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നാണ് മാര്‍ട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ ചെറിയ ഫ്‌ലാറ്റ്.

ഞായറാഴ്ച രാവിലെ 9.30തോടെയാണ് കളമശേരിയില്‍ ‘യഹോവയുടെ സാക്ഷികള്‍’ സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 3 പേരാണ് മരിച്ചത്. പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53), മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന (12) എന്നിവരാണു മരിച്ചത്. 52 പേര്‍ക്കു പരുക്കേറ്റു.

സ്‌ഫോടനം പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം, വധശ്രമം, ജീവഹാനിക്കും ഗുരുതരമായ പരുക്കുകള്‍ക്കും കാരണമാകുന്ന തരത്തിലുള്ള സ്ഫോടനമുണ്ടാക്കല്‍, ജീവഹാനിക്കു കാരണമാകുന്ന ഭീകര പ്രവര്‍ത്തനം (നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമംയുഎപിഎ) തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്.