വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കേരള പൊലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ചുവെന്നാണ് മന്ത്രിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി സൈബര്‍ സെല്‍ എസ് ഐയുടെ പരാതിയിലാണ് കേസ് എടുത്തത്.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസ്. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു, ഒരു മതവിഭാഗത്തിനെതിരെ സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചു, പാലസ്തീന്‍ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവച്ചുവെന്നുമാണ് കേന്ദ്രമന്ത്രിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

വിദ്വേഷം പ്രചരിപ്പിക്കുക (ഐ.പി.സി 153), രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വൈര്യം വര്‍ദ്ധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുക (ഐ.പി.സി 153 എ) എ്‌ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അപലപിക്കുന്നുവെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. തീവ്രചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഡലക്ഷ്യത്തോടെ എടുത്ത കേസാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ട നീതിയും ഇക്കാര്യത്തില്‍ പ്രകടമായിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

മലയാളിയായ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. വിഷം വമിക്കുന്ന വര്‍ഗീയവാദിയാണ് കേന്ദ്രമന്ത്രിയെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇതിനെതിരെ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് തന്നെ വിമര്‍ശിക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചത്.

മലപ്പുറത്ത് പാലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ ഹമാസ് നേതാവിന്റെ സംഭാഷണം കേള്‍പ്പിച്ചതിനെ താന്‍ ചോദ്യം ചെയ്തിരുന്നു. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുബാങ്കിന് വേണ്ടി ഭീകരത പ്രോത്സാഹിപ്പിക്കുകയാണ്. മത വര്‍ഗീയ ഭീകരസംഘടനകളെ ന്യായീകരിച്ചാല്‍ കളമശേരിയിലേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനാണ് പിണറായി തന്നെ വര്‍ഗീയവാദിയായി മുദ്രകുത്തിയത്. മലയാളിയായ താന്‍ കേരളത്തിലെ വര്‍ഗീയവത്കരണം നിരീക്ഷിക്കുന്നുണ്ട്. അതു തുറന്നുപറയുന്നതിനെ കേന്ദ്രമന്ത്രി സ്ഥാനവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.