രാജ്യത്ത് റോഡപകടങ്ങളിൽ വൻ വർധന; 2022ൽ പൊലിഞ്ഞത് 1.68 ലക്ഷത്തോളം ജീവനുകൾ- റിപ്പോർട്ട്

9.4% അധികം മരണങ്ങൾ- 2022ലെ വാർഷിക റിപ്പോർട്ട് പുറത്ത്

2022ല്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ റിപ്പോർട്ട് ചെയ്തത് 4,61,312 റോഡ് അപകടങ്ങള്‍. അവയിൽ 1,68,491 പേര്‍ മരിക്കുകയും 4,43,366 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളില്‍ 11.9%, മരണങ്ങളില്‍ 9.4%, പരിക്കുകളില്‍ 15.3% വര്‍ധനയുണ്ടായി.

കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ “ഇന്ത്യയിലെ റോഡപകടങ്ങൾ- 2022‘ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. 2022 കലണ്ടർ വർഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.

അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ട്രാഫിക് നിയമ ലംഘനങ്ങൾ എന്നിവ ഉൾപ്പെടെ അപകടങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ നേരിടാന്‍ സമഗ്ര സമീപനം സ്വീകരിക്കേണ്ടതിന്‍റെ അടിയന്തര ആവശ്യകത റിപ്പോർട്ട് അടിവരയിടുന്നു. ഗതാഗതനിയമ നിർവഹണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഡ്രൈവർമാർക്ക് നൽകുന്ന ബോധവത്ക്കരണവും പരിശീലന പരിപാടികളും മെച്ചപ്പെടുത്തണം. ഒപ്പം, റോഡുകളുടെയും വാഹനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം നടത്തേണ്ടതും അനിവാര്യമാണ്- റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.