ഗവർണക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ എതിരാളിയെപ്പോലെ ഗവര്‍ണര്‍ പെരുമാറുന്നെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍, കൈമാറുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍, നയങ്ങള്‍ എന്നിവയില്‍ ഒപ്പുവെയ്ക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും, ഏകപക്ഷീയവും, നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനല്‍ കേസുകളില്‍ നല്‍കേണ്ട പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവര്‍ണര്‍ രവി ഒപ്പുവെയ്ക്കുന്നില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിക്കുന്നു.

2020 മുതല്‍ കൈമാറിയ 12 ബില്ലുകളാണ് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നത്. ഇതിന് പുറമേ 54 തടവുകാരുടെ മോചനം സംബന്ധിച്ച ഫയലുകളിലും ഗവര്‍ണറുടെ തീരുമാനം ഉണ്ടായിട്ടില്ല. ഇവയില്‍ സമയബന്ധിതമായ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.