പേര്, വിലാസം, ഫോൺ നമ്പറുകൾ, താത്കാലികവും സ്ഥിരവുമായ മേൽവിലാസങ്ങൾ തുടങ്ങി ആധാർ, പാസ്പോർട്ട് വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ഹാക്കർ വിൽപ്പനയ്ക്കു വച്ചു.
എൺപത്തൊന്നരക്കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുത്തതായി ഹാക്കറുടെ അവകാശവാദം. ഇതു സത്യമാണെങ്കിൽ, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റ ചോർച്ചയായിരിക്കും ഇത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസെർച്ച് (ഐസിഎംആർ) ഡേറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് അജ്ഞാത ഹാക്കർ അവകാശപ്പെടുന്നത്. എന്നാൽ, ഇതിനൊപ്പം ആരോഗ്യപരമായ വിവരങ്ങൾക്കൊപ്പം, ആധാർ കാർഡ് വിവരങ്ങളും പാസ്പോർട്ട് വിശദാംശങ്ങളും കൈക്കലാക്കിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്.
പേര്, വിലാസം, ഫോൺ നമ്പറുകൾ, താത്കാലികവും സ്ഥിരവുമായ മേൽവിലാസങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരം ഡേറ്റബേസുകളിൽ സൂക്ഷിക്കാറുള്ളതാണ്. കൊവിഡ്-19 ടെസ്റ്റിങ് സമയത്താണ് ഐസിഎംആർ ഡേറ്റബേസിൽ ഇന്ത്യക്കാരുടെ ആധാർ – പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചത്.
ശേഖരിച്ച വിവരങ്ങൾ pwn0001 എന്നു സ്വയം പേരിട്ടിരിക്കുന്ന ഹാക്കർ ഇപ്പോൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്കു വച്ചിരിക്കുകയാണ്.