കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തിയേഴാം ജന്മദിനം

ദൈവത്തിന്റെ സ്വന്തം നാടിന് അറുപത്തിയേഴാം പിറന്നാൾ. എല്ലാവർക്കും കേരളപ്പിറവി ആശംസകൾ!

നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നുണ്ട്. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത.

സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളോടെ 1947 ല്‍ ബ്രീട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പിന്നാലെ രാജ്യം ഏകീകരണ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭരണ സൗകര്യാര്‍ത്ഥം സംസ്ഥാന പുനഃസംഘടന ഭാഷാടിസ്ഥാനത്തിലാക്കണമെന്ന 1956 ലെ സ്വതന്ത്ര്യ ഇന്ത്യാ ഗവൺമെന്‍റിന്‍റെ തീരുമാനം പ്രാദേശിക ഭാഷകള്‍ക്ക് വ്യക്തിത്വം നല്‍കുന്ന ഒന്നായി മാറി.

വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്.

കേരളീയം:

തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സർവീസുകളുണ്ടാകും. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.

രാവിലെ പത്ത് മണിക്ക് സെൻട്രൽ സ്റ്റേഡയിത്തിൽ മുഖ്യമന്ത്രി ആഘോഷത്തിന് തിരിതെളിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.