കേരളീയം ഇന്നുമുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള കേരളീയം പരിപാടിക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ സ്വാഗതം പറയും. ചീഫ് സെക്രട്ടറി ഡോ. വി. വേണു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

മന്ത്രിമാര്‍, സ്പീക്കര്‍, ചലച്ചിത്ര താരങ്ങളായ കമല ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജുവാര്യര്‍, യു.എ.ഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാംഗ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്‌റ്റൈനര്‍, റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, എ.എ. യൂസഫലി, രവി പിള്ള, ഡോ. എം.വി. പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും.

ഒരാഴ്ച തലസ്ഥാന നഗരി ഈ മഹോത്സവത്തിന്റെ ആഘോഷത്തിമിര്‍പ്പിലമരും. സാമൂഹ്യക്ഷേമ, വികസന, മതനിരപേക്ഷ അന്തരീക്ഷത്തിന്റെ പരിച്ഛേദം കവടിയാര്‍മുതല്‍ കിഴക്കേകോട്ടവരെയുള്ള പ്രദര്‍ശന, പരിപാടികളില്‍ നിറയും. കേരളം ഒന്നുമല്ലെന്ന് ആക്ഷേപിക്കുന്നവരോട് ഒറ്റമനസ്സോടെ ഈ നാട് പറയുന്നു; വരൂ കാണൂ ഈ കേരളീയം.

സംസ്ഥാനത്തിന്റെ ഭൂതവര്‍ത്തമാനകാല നേട്ടം എണ്ണിപ്പറയുകയും നവകേരളത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കാന്‍ കഴിയുന്ന ചര്‍ച്ച സംഘടിപ്പിക്കുകയുമാണ് 42 വേദിയില്‍. നഗരത്തിലെത്തുന്നവര്‍ക്ക് ഗതാഗതത്തിനും പാര്‍ക്കിങ്ങിനുമുള്ള വിപുല സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൗജന്യ ബസ് സര്‍വീസുമുണ്ട്.