കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി താക്കീത് നൽകി. നാളെ പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് kpcc ജനറൽ സെക്രട്ടറി TU രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തിയിരുന്നു. ഇതിന് പിന്നാലെ നാളെ വീണ്ടും പരിപാടി സംഘടിപ്പിക്കുന്നത് വിഭാഗീയതആയിട്ടാണ് പാർട്ടി കാണുന്നത്. പാർട്ടിക്കുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ പലസ്തീൻ ഐക്യ ദാർഢ്യ സമ്മേളനം എന്ന രീതിയിൽ സാമന്തര പരിപാടിക്കായി താങ്കൾ തയ്യറെടുപ്പു നടത്തുന്നതായി പരാതി ഉണ്ടായിരുന്നതും, അത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും താങ്കളോട് സംസാരിച്ച് അത്തരം വിഭാഗീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും താങ്കളെ വിലക്കിയിരുന്നതാണെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
നാളത്തെ സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് kpcc ആര്യാടൻ ഷൗക്കത്തിനോട് ആവശ്യപ്പെട്ടു. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചു വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി താങ്കളുടെ പേരിൽ സ്വീകരിക്കുന്നതിനു പാർട്ടി നിർബന്ധിതമാകുമെന്ന മുന്നറിയിപ്പും TU രാധാകൃഷ്ണൻ നൽകിയ കത്തിൽ പറയുന്നു.
ടി.യു രാധാകൃഷ്ണൻ ( ജനറൽ സെക്രട്ടറി) നൽകിയ കത്തിന്റെ പൂർണരൂപം
പ്രിയപ്പെട്ട ഷൗക്കത്ത്,
താങ്കൾ ഉൾപ്പെടെയുള്ള ജില്ലയിലെ കോൺഗ്രസ്സ് നേതാക്കന്മാരെയും പ്രവർത്തകരെയും അണിനിരത്തി മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തിയത് അങ്ങേക്ക് അറിവുള്ളതാണല്ലോ.
ഈ പരിപാടി നടന്ന സമയത്തു തന്നെ പാർട്ടിക്കുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ പലസ്തീൻ ഐക്യ ദാർഢ്യ സമ്മേളനം എന്ന രീതിയിൽ സാമന്തര പരിപാടിക്കായി താങ്കൾ തയ്യറെടുപ്പു നടത്തുന്നതായി പരാതി ഉണ്ടായിരുന്നതും, അത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും താങ്കളോട് സംസാരിച്ച് അത്തരം വിഭാഗീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും താങ്കളെ വിലക്കിയിരുന്നതാണ്.
എന്നാൽ പാർട്ടി നേതൃത്വത്തിന്റെ വിലക്കിനെ ധിക്കരിച്ച് കൊണ്ട് താങ്കൾ നാളെ നവംബർ മൂന്നാം തീയതി മലപ്പുറത്ത് സമാന്തര പരിപാടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് പാർട്ടി അതീവ ഗൗരവമായ അച്ചടക്ക ലംഘനമായി കാണുകയാണ്.
പാർട്ടിയുടെ സമുന്നത നേതാവ് ആദരണീയനായ ശ്രീ ആര്യാടൻ മുഹമ്മദ് അവർകളുടെ പേരിലുള്ള സംഘടനയുടെ ബാനറിൽ ഇതിന് മുൻപ് പാർട്ടി നിർദേശം ലംഘിച്ചു വിഭാഗീയ പ്രവർത്തനങ്ങൾ താങ്കൾ സംഘടിപ്പിച്ചപ്പോൾ താങ്കൾക്ക് കെ പി സി സി ശക്തമായ താക്കീത് നൽകിയിരുന്നതാണ്. പാർട്ടിയെ സ്നേഹിക്കുകയും പാർട്ടി എറെ ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീ ആര്യാടൻ മുഹമ്മദ് അവർകളുടെ പേരിൽ നിരന്തരം വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവുന്നതല്ല. ഒരു പ്രതിസന്ധി കാലത്തെ അതിജീവിച്ചു തിരിച്ചു വരവിന്റെ പാതയിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഒരുമിച്ചു പ്രവർത്തിക്കുന്ന ഈ സന്ദർഭത്തിൽ ഒരു തരത്തിലുമുള്ള വിഭാഗീയ പ്രവർത്തനവും പാർട്ടിക്ക് ഉൾക്കൊള്ളാനാവുന്നതല്ല.
മഹത്തായ പാലസ്തീൻ ഐക്യ ദാർഢ്യത്തെ വിഭാഗീയ പ്രവർത്തനത്തിനുള്ള മറയായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം ഖേദകരമാണ്. ആയതിനാൽ നാളത്തെ സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് അറിയിക്കുന്നു. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചു വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി താങ്കളുടെ പേരിൽ സ്വീകരിക്കുന്നതിനു പാർട്ടി നിർബന്ധിതമാകുമെന്നറിയിക്കുന്നു.
എന്ന് – ടി.യു രാധാകൃഷ്ണൻ ( ജനറൽ സെക്രട്ടറി)
To ആര്യാടൻ ഷൗക്കത്ത് ( കെപിസിസി ജനറൽ സെക്രട്ടറി)
പകർപ്പ്
വി എസ് ജോയ് ( ഡിസിസി പ്രസിഡന്റ്)