രാത്രി ഫോണ്‍ ചെയ്യുന്നതാരെ എന്നതടക്കം ചോദ്യങ്ങള്‍; എത്തിക്‌സ് കമ്മിറ്റി ഹിയറിങ്ങില്‍ നിന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോയി

അദാനിക്കെതിരെ ചോദ്യം ചോദിയ്ക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ ഹിയറിങ് നടത്തുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. മഹുവ മൊയ്ത്ര, ബിഎസ്പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ നേരിടേണ്ടി വന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാരുടെ പ്രതിഷേധം. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചും രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മൊയ്ത്ര വ്യക്തമാക്കി

ചോദ്യം ചോദിയ്ക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ താൻ നിരപരാധിയാണെന്ന് മഹുവ എത്തിക്സ് പാനൽ കമ്മിറ്റിയെ അറിയിച്ചു. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായുള്ള വ്യക്തിബന്ധം തകർന്നതിന് പിന്നാലെയുണ്ടായ വിദ്വേഷത്തിന്റെ പേരിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് മഹുവ എത്തിക്സ് കമ്മിറ്റിയെ അറിയിച്ചിട്ടുള്ളത്. കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി, ബിഎസ്പിയുടെ ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ മഹുവക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹുവ മൊയ്‌ത്രയോടുള്ള ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സന്റെ ചോദ്യങ്ങൾ മാന്യതയില്ലാത്തതും അധാർമികവുമാണെന്ന് കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോയതിനെത്തുടർന്ന് എത്തിക്‌സ് കമ്മിറ്റി ചർച്ചകൾ തുടർന്നു.

ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ മഹുവ സമർപ്പിച്ച മൊഴിയുടെ വലിയൊരു ഭാഗം ദേഹാദ്രായിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ദേഹാദ്രായിയുടെ ആരോപണങ്ങൾ ഉദ്ധരിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയത്. പിന്നാലെയാണ് വിഷയം എത്തിക്സ് പാനൽ കമ്മിറ്റിക്ക് വിട്ടത്.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവെച്ചെന്നുമുള്ള പരാതികളാണ് കമ്മിറ്റി നിലവിൽ അന്വേഷിക്കുന്നത്. ഇതിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര നേരത്തെ രംഗത്തെത്തിയിരുന്നു. പാർലമെൻറ് ഇ-മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.