സസ്പെൻഷനിലായ ഐ.ജി. ലക്ഷ്മണെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കം; നാലംഗ സമിതിയെ നിയമിച്ചു

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ സസ്പെൻഷനിലായ ഐ.ജി ലക്ഷ്മണിനെ തിരിച്ചെടുക്കാൻ നീക്കം.

സസ്പെൻഷൻ റിവ്യൂ ചെയ്യാനായി ചീഫ് സെക്രട്ടറി ഡോ. വേണു ചെയർമാനായി നാലംഗ സമിതിയെ നിയമിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളിധരൻ , വിശ്വനാഥ് സിൻഹ , കെ.ആർ ജ്യോതി ലാൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ലക്ഷ്മണിനെ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരമാണു സര്‍വീസില്‍ നിന്നു 2023 സെപ്റ്റംബർ 8 നാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരേ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു ഡിജിപി ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു.മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് 2021 നവംബറില്‍ ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിന്നീട് അന്വേഷണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. എന്നാൽ കേസിൽ ഉൾപ്പെട്ടതിനാൽ എഡിജിപിയായുള്ള സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞു. കേസിലെ മൂന്നാം പ്രതിയാണു ലക്ഷ്മൺ. മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയാണ്. യാക്കൂബ് പുറായില്‍, എംടി മീര്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി ഹമ്മദ്, സലീം എടത്തില്‍, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിനു കിട്ടിയ തുക കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി മോന്‍സന്‍ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനുള്ള തടസം മാറ്റാനായി പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയിൽ നൽകിയ പരാമർശം ലക്ഷ്മണ പിൻവലിച്ചിരുന്നു.

ഇതോടെയാണ് ലക്ഷ്മണിണെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പച്ചക്കൊടി കാട്ടിയത്. സസ്പെൻഷൻ പിൻവലിച്ചാൽ എ.ഡി. ജി.പി ആയി ലക്ഷ്മണിന് സ്ഥാനകയറ്റം കിട്ടും.