AM UPDATE 2/11/2023

SPEED NEWS

അടിയന്തര യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. വൈകുന്നേരം ഓൺലൈനയാണ് യോഗം ചേരുക. സംസ്ഥാന സർക്കാരിൻ്റെ നവകേരള സദസ്സിന് ബദലായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസിൻ്റെ നടത്തിപ്പ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ടയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

നവകേരളസദസ്സ് തിരഞ്ഞെടുപ്പ് മുന്നൊരുക്കമാക്കാന്‍ എല്‍.ഡി.എഫ്; കുടുംബയോഗങ്ങളും വ്യാപക പ്രചാരണവും നടത്താൻ തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം. റിട്ട. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ കേരള പ്രഭാ പുരസ്‌കാരത്തിന് അര്‍ഹരായി.

സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പുനലൂര്‍ സോമരാജന്‍, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. വി പി ഗംഗാധരന്‍, വാണിജ്യ, വ്യവസായ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ എം ചന്ദ്രശേഖരന്‍, കലാമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം ലഭിച്ചു.

സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ; ഹൈകോടതിയില്‍ സത്യവാങ്മൂലം. സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു.

കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി മാര്‍ട്ടിന്‍ ദുബായില്‍ ജോലിചെയ്തിരുന്നപ്പോഴാണ് സ്‌ഫോടനം നടത്താനുള്ള പദ്ധതിയിട്ടതെന്ന് പോലീസ് നിഗമനം. സ്‌ഫോടനത്തിന് പദ്ധതിയിട്ടശേഷമാണ് ഇയാള്‍ നാട്ടിലേക്കുവന്നതെന്നാണ് ലഭിക്കുന്ന വിവരം. അവിടെവെച്ച് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പൊലീസ്.

കേരളവർമ്മ കോളേജിൽ ചെയർമാൻ സ്ഥാനത്ത് എസ്എഫ്ഐക്ക് ജയം
ചെയർപേഴ്സ്ൺ സ്ഥാനത്തേക്ക് കെ എസ് യു സ്ഥാനാർത്ഥി വിജയിച്ചതോടെ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെട്ടിരുന്നു.

കരുവന്നൂരിൽ നിക്ഷേപ വിതരണം ഇന്നും തുടരും. ആദ്യദിനം 38 ലക്ഷം രൂപയാണ് നിക്ഷേപകർക്ക് തിരികെ നൽകിയത്. 43 നിക്ഷേപകർ മാത്രമാണ് പണം വാങ്ങാൻ എത്തിയത്.

കരുവന്നൂർ കള്ളപ്പണ ഇടപാടിൽ രണ്ടാം ഘട്ട അന്വേഷണവുമായി ഇഡി; എ.സി മൊയ്തീനെയും എം.കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

കരുവന്നൂ‍ർ‌ കേസ്: ബിജോയ് മുഖ്യപ്രതി, പി ആർ അരവിന്ദാക്ഷൻ 14ാം പ്രതി; കുറ്റപത്രം സമ‍ർപ്പിച്ചു
കുറ്റപത്രത്തിൽ ആകെ 55 പ്രതികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം കമ്പനികളാണ്.

മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപിൽ ഹാജരാകും. രാവിലെ 11 മണിക്കാണ് ഓഫിസിൽ ഹാജരാവുക. ഇത് ആദ്യമായാണ് ഇഡി മദ്യനയക്കേസിൽ കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്.

ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകും. ഹാജരാകാൻ നവംബർ 5 വരെ സമയം അനുവദിക്കണമെന്ന് മാഹുവ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിക്സ് കമ്മിറ്റി ഇന്ന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

സംഘർഷമൊഴിയാതെ മണിപ്പൂർ: ആയുധം കൊള്ളയടിക്കാൻ ശ്രമം; വെടിവെപ്പിൽ 3 പേർക്ക് പരിക്ക്. ക്യാംങ്പോപി ജില്ലയിൽ കുക്കിസംഘടന 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു.

സ്വവര്‍ഗ വിവാഹത്തിന് അനുമതി നിഷേധിച്ച വിധി പുനഃപരിശോധിക്കണം’; സുപ്രീം കോടതിയില്‍ ഹര്‍ജി
ഒക്ടോബർ 17നാണ് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചി വിധിച്ചത്.

ഗാസയിൽ മരണം 8796 ആയി, 3648 പേർ കുട്ടികൾ; റഫ അതിർത്തി തുറന്നു
ഗാസയിലെ ജബലിയ അഭയാ‍ർത്ഥി ക്യാമ്പിൽ വീണ്ടും ആക്രമണമുണ്ടായി.

ലോകകപ്പ് ക്രിക്കറ്റിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. കളിച്ച ആറു മത്സരങ്ങളിൽ ആറിലും വിജയം കണ്ട ഇന്ത്യ, അപരാജിത കുതിപ്പ് തുടരാൻ ഒരുങ്ങുമ്പോൾ സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടിനാണ് മത്സരം

ന്യൂസിലൻഡിനെ നിലംതൊടാതെ തോൽപ്പിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസവും വർധിച്ചു. ഗംഭീര വിജയത്തോടെ ഇന്ത്യയെയും മറികടന്ന് പോയിന്റ് പട്ടികയിൽ ആഫ്രിക്കൻ ശക്തികൾ ഇരിപ്പുറപ്പിച്ചു. 7 കളികളിൽ നിന്ന് 12 പോയിന്റുമായാണ് ദക്ഷിണാഫ്രിക്ക് മുന്നിലെത്തിയത്. 6 കളികളിൽ നിന്ന് ഇന്ത്യക്ക് 12 പോയിന്റ് ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കക്ക് റൺറേറ്റ് തുണയാകുകയായിരുന്നു.