ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ 2.50 കോടി രൂപ ആവശ്യപ്പെട്ട് കളക്ടര്‍ കൃഷ്ണ തേജ; കൈയോടെ തള്ളി മന്ത്രി റിയാസ്

തൃശൂര്‍: ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ 2.50 കോടി വേണമെന്ന് തൃശൂര്‍ കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്. കളക്ടറുടെ ആവശ്യം കയ്യോടെ തള്ളി മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗിക വസതി മോടി പിടിപ്പിക്കണമെന്ന ഫയല്‍ റിയാസിന്റെ അടുത്ത് എത്തിയത്. മരാമത്ത് വകുപ്പ് പ്രതികൂലമായി നിലകൊണ്ടതോടെ നിര്‍മ്മിതി കേന്ദ്രം വഴി ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ കളക്ടര്‍ ശ്രമം തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നത് പതിവാണ്. അതിന്റെ ചുവട് പിടിച്ചായിരുന്നു കളക്ടറുടെ ആവശ്യവും.

തൃശൂര്‍ ജില്ലക്കാരനായ റവന്യു മന്ത്രി കെ. രാജന്റെ അനുമതി ലഭിച്ചതിനു ശേഷമാണ് കളക്ടര്‍ മരാമത്ത് വകുപ്പിനെ സമീപിച്ചത്. മരാമത്ത് വകുപ്പ് ഒടക്കിയതോടെ നിര്‍മ്മിതി കേന്ദ്രം വഴി ശരിയാക്കാം എന്ന് കളക്ടര്‍ക്ക് മന്ത്രി. കെ. രാജന്‍ ഉറപ്പ് നല്‍കുകയായിരുന്നു.

നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെയര്‍മാനും കെ. രാജനാണ്. നിര്‍മ്മിതി കേന്ദ്രം വഴി ഔദ്യോഗിക വസതി മോടി പിടിപ്പിക്കാനുള്ള കളക്ടറുടെ നീക്കം മന്ത്രി റിയാസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റിയാസ് ഇതും മുടക്കുമോ എന്ന ആശങ്കയിലാണ് കൃഷ്ണതേജ. കുട്ടികളുടെ സ്വന്തം കളക്ടര്‍ മാമന്‍ എന്ന പേരില്‍ അറിയപ്പെട്ട വി.ആര്‍. കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടറായി ചുമതലയേറ്റു 2023 മാര്‍ച്ച് മാസമാണ്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്.