അരമണിക്കൂർ മുമ്പ് വരെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ കൊല്ലപ്പെട്ടു; കരഞ്ഞു കൊണ്ട് യുദ്ധം റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറും അവതാരകയും

“ഞങ്ങളും കൊല്ലപ്പെടും. പ്രസ് എന്നെഴുതിയ ഈ വസ്ത്രമോ ഹെൽമെറ്റോ ഞങ്ങളെ സംരക്ഷിക്കില്ല. ഒന്നും സംരക്ഷിക്കില്ല. അര മണിക്കൂര്‍ മുന്‍പു വരെ മുഹമ്മദ് അബു ഹതബ് ഇവിടെയുണ്ടായിരുന്നു. ഇനി അദ്ദേഹമില്ല”- ഇസ്രയേല്‍ ആക്രമണത്തില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കണ്ണീര്‍ നിയന്ത്രിക്കാനാവാതെ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സൽമാൻ അൽ ബഷീർ പറഞ്ഞതാണിത്.

പ്രസ് എന്നെഴുതിയ വസ്ത്രവും ഹെല്‍മറ്റും മാധ്യമപ്രവര്‍ത്തകന്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ അഴിച്ചുമാറ്റി. ഇതോടെ ചാനലിലെ വാര്‍ത്താ അവതാരകയും സങ്കടം സഹിക്കാനാവാതെ കണ്ണ് തുടച്ചു. നവംബർ 2 ന് സൗത്ത് ഗാസയിലെ ഖാൻ യൂനിസിലുണ്ടായ വ്യോമാക്രമണത്തിലാണ് മുഹമ്മദ് അബു ഹതബ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ 11 അംഗങ്ങള്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. അര മണിക്കൂർ മുമ്പ് വരെ ഗാസയിലെ നാസർ ആശുപത്രിയില്‍ നിന്ന് ബഷീറിനൊപ്പം വാര്‍ത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു ഹതബ്.

“ഇനി ഞങ്ങൾക്കിത് താങ്ങാനാവില്ല. ഞങ്ങൾ തളർന്നുപോയി. ഞങ്ങള്‍ മരണം കാത്തിരിക്കുന്നു, ഞങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊല്ലപ്പെടുന്നു. ഞങ്ങളെയോ ഗാസയിലെ കുറ്റകൃത്യങ്ങളെയോ ആരും ശ്രദ്ധിക്കുന്നില്ല. സംരക്ഷണമില്ല, അന്താരാഷ്ട്ര പരിരക്ഷയില്ല. ഈ സുരക്ഷാ കവചമോ ഹെല്‍മറ്റോ ഞങ്ങളെ സംരക്ഷിക്കില്ല”- പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സൽമാൻ അൽ ബഷീർ പറഞ്ഞു.

ഒക്ടോബർ 7 ന് ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടങ്ങിയ ശേഷം 31 മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ടെന്നാണ് ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്’ റിപ്പോര്‍ട്ട്. നാല് പേർ ഇസ്രയേലിലും ഒരാൾ ലെബനനിലും 26 പേർ ഗാസയിലുമാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിൽ ഇതുവരെ 10,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ 1,400ല്‍ അധികം പേർ കൊല്ലപ്പെട്ടു.