Breaking
18 Sep 2024, Wed

കളമശേരി സ്ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി; പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലിൽ

കൊച്ചി: കളമശേരി സ്ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് ഈ മാസം എട്ടിനാണ് തിരിച്ചറിയല്‍ പരേഡിന്റെ മേല്‍നോട്ട ചുമതല. ഉച്ചയ്ക്ക് ശേഷം തിരിച്ചറിയല്‍ പരേഡ് നടത്താനാണ് അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. പരേഡിന് സജ്ജീകരണം ലഭ്യമാക്കണമെന്ന് കാക്കനാട് ജില്ലാ ജയില്‍ അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

കളമശേരി സ്‌ഫോടനക്കേസിലെ ഏക പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. തിരിച്ചറിയല്‍ പരേഡിനുള്ള സജ്ജീകരണം ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതി ഡൊമിനിക് മാര്‍ട്ടിനെ തിരിച്ചറിയേണ്ട സാക്ഷികളെ അന്വേഷണ സംഘം ജയിലിലെത്തിക്കും.

യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ സംഘാടകര്‍, സ്‌ഫോടക വസ്തുക്കള്‍ മാര്‍ട്ടിന് വില്‍പ്പന നടത്തിയ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികള്‍ തുടങ്ങിയവര്‍ സാക്ഷിപ്പട്ടികയിലുണ്ട്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കിയ ശേഷം ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ഏഴ് ദിവസം വരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *