കേരള വര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ്; ശ്രീക്കുട്ടന്റെ ഹര്‍ജി ഹൈക്കോടതി മടക്കി

കൊച്ചി: തൃശൂര്‍ കേരള വര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ ഹര്‍ജി ഹൈക്കോടതി മടക്കി. പരിഗണനാ വിഷയം അല്ലാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയുടെ പരിഗണനാ വിഷയമാണിത്. അധികാര പരിധിയില്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അടിയന്തിര സാചഹര്യമുണ്ടെങ്കില്‍ രജിസ്ട്രാര്‍ ജനറലിനെ സമീപിക്കാനും ഹൈക്കോടതി അനുമതി നല്‍കി. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിക്കുന്നുവെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടത്തിയെന്നും ആരോപിച്ചാണ് കെഎസ് യു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

തൃശ്ശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കെഎസ്‍യു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. റീ ഇലക്ഷൻ നടത്തുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നാണ് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞത്. അതേസമയം റീക്കൗണ്ടിംഗ് പൂർത്തീകരിക്കാൻ നിർദ്ദേശം മാത്രമാണ് നൽകിയത് എന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സുദർശൻ പ്രസ്താവനയിൽ അറിയിച്ചു. കേരള വർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചു എന്ന് ആരോപിച്ചും കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും ആണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്.