മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത നീക്കമെന്ന് മാത്യു കുഴല്‍നാടന്‍

മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. മുഖ്യമന്തിയും കുടുംബവുമായി ബന്ധപ്പെട്ട അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാന്‍ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഇതുവരെ മറുപടി ലഭിച്ചില്ല. ഒരു എംഎല്‍എ എന്ന നിലയില്‍ താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ല. നിര്‍ണായക വിഷങ്ങള്‍ ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. ഇത് എംഎല്‍എ എന്ന നിലയില്‍ എന്‌റെ അവകാശത്തിന്‌റെ ലംഘനം കൂടിയാണ്- കുഴല്‍നാടന്‍ പറഞ്ഞു.

ആര്‍.ടി.ഐ പ്രകാരം ഒരു സാധാരണ പൗരന്‍ എന്തെങ്കിലും വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഒരു മാസത്തിനകം നല്‍കണമെന്നാണ് നിയമം. എന്നാല്‍ എംഎല്‍എ എന്ന നിയലില്‍ ഞാന്‍ കൊടുത്ത കത്തുകള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കണം എന്നതാണ് ഇതിനു പിന്നിലെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) കമ്പനിയില്‍നിന്ന് മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി ലഭിച്ചെന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം.