ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ വേദിയിൽ പ്രകാശനം ചെയ്തു

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ യുഎഇയില്‍ പ്രകാശനം ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ് നടന്നത്. ഉമ്മന്‍ചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്നും ജീവിതത്തില്‍ കുറുക്കു വഴികള്‍ സ്വീകരിക്കാത്തതിന്റെ തിക്താനുഭവം ഉമ്മന്‍ചാണ്ടി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പുസ്തക പ്രേമികളുടെ തിരക്കും വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികൾ കഴിഞ്ഞ ദിവസം അന്തരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എത്തിയിരുന്നു.

വരും ദിവസങ്ങളില്‍ മലയാളത്തില്‍ നിന്നടക്കം നിരവധി പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യപ്പെടും. അറബ് മേഖലയില്‍ നിന്ന് മാത്രം 1200ലധികം പ്രസാധകരാണ് മേളയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള120 ഓളം പ്രസാധകരും പുസ്തകോത്സവത്തിൻ്റെ ഭാഗമാണ്.

ബോളിവുഡ് താരം കരീന കപൂര്‍, സുനിത വില്യംസ്, മല്ലികാ സാരാഭായ്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് തുടങ്ങി നിരവധി പ്രമുഖര്‍ വരും ദിവസങ്ങളില്‍ അതിഥികളായെത്തും. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും പുസ്തക മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. പുസ്തക ചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, കുട്ടികള്‍ക്കായുള്ള മേളകള്‍, ശില്‍പശാലകള്‍, പാചകമേളകള്‍ എന്നിവയും പുസ്തക മേളയുടെ പ്രത്യേകതയാണ്.