മുകേഷ് അംബാനിക്കെതിരായ ഭീഷണി സന്ദേശം; തെലങ്കാന സ്വദേശിയായ 19-കാരന്‍ അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിക്കെതിരെ ഭീഷണി ഇ-മെയിലുകള്‍ അയച്ച സംഭവത്തില്‍ 19-കാരന്‍ അറസ്റ്റില്‍. മുംബൈ ഗാംദേവി പോലീസാണ് തെലങ്കാന സ്വദേശിയായ ഗണേഷ് രമേഷ് വന്‍പ്രര്‍ധി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ നവംബര്‍ എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനിക്ക് അഞ്ച് ഭീഷണി ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചത്. പണം വേണമെന്നും കൊല്ലുമെന്നുമായിരുന്നു മെയിലുകളുടെ ഉള്ളടക്കം.

‘ഞങ്ങള്‍ക്ക് നിങ്ങള്‍ (മുകേഷ് അംബാനി) 20 കോടി രൂപ തന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ ഷൂട്ടര്‍മാര്‍ ഉണ്ട്.’ -ഇതായിരുന്നു ഒക്ടോബര്‍ 27-ന് മുകേഷ് അംബാനിക്ക് ലഭിച്ച ആദ്യ ഇ-മെയില്‍ സന്ദേശം. ഷദബ് ഖാന്‍ എന്ന പേരിലാണ് സന്ദേശം എത്തിയത്.

പിന്നാലെ വീണ്ടും ഭീഷണി മെയിലുകള്‍ എത്തി. ആദ്യ ഇ-മെയിലില്‍ ആവശ്യപ്പെട്ട 20 കോടി തരാത്തതിനാല്‍ ഇനി 200 കോടി രൂപ വേണമെന്നായിരുന്നു അടുത്ത മെയില്‍. തന്നില്ലെങ്കില്‍ അംബാനിക്കുള്ള മരണവാറണട് പുറപ്പെടുവിക്കുമെന്ന ഭീഷണിയും ഒപ്പമുണ്ടായിരുന്നു.

തിങ്കളാഴ്ച ലഭിച്ച മൂന്നാമത്തെ സന്ദേശത്തില്‍ 400 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ഭീഷണി ഇ-മെയില്‍ സന്ദേശങ്ങള്‍ കൂടി മുകേഷ് അംബാനിക്ക് ലഭിച്ചു.

മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച്, സൈബര്‍ വിഭാഗങ്ങള്‍ ഐ.പി. വിലാസങ്ങള്‍ പരിശോധിച്ച് പിന്നാലെ പോയപ്പോഴാണ് തെലങ്കാനയിലെ യുവാവില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഇല്ല എന്നാണ് പോലീസിന്റെ നിഗമനം.

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയ ബിഹാര്‍ സ്വദേശിയെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സര്‍ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രി ബോംബ് വച്ച് തകര്‍ക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.