AM UPDATE 4/11/2023

Speed News

ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഇന്ന് വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.

സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ മുസ്ലിംലീഗിന്റെ നിർണായക യോഗം ഇന്ന് കോഴിക്കോട്. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും.

പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താൻ സിപിഎം. വ്യക്തമായ നിലപാടില്ലാത്തതിനാൽ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിർത്തും.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന.

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. വടക്കൻ നേപ്പാളാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.

നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഇഡി കുരുക്ക്. ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി ഇഡി വെളിപ്പെടുത്തി.

ഗാസയിലെ അൽ ശിഫ ആശുപത്രിക്ക് നേരെ ആക്രമണം. മെഡിക്കൽ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കെട്ടിടവും ആംബുലൻസുകളും തകർന്നു. ഗുരുതരമായി പരുക്കേറ്റ 20 രോഗികളെ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് സൂപ്പർ പോരാട്ടങ്ങള്‍. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്ഥാനെ നേരിടും. രാവിലെ പത്തരയ്ക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മഴ മത്സരത്തിന് ഭീഷണിയാണ്. രണ്ടാം മത്സരത്തിൽ സെമി സാധ്യത സജീവമാക്കാൻ ഓസ്ട്രേലിയയും പുറത്താകാതിരിക്കാൻ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരും. ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.