ഏകദിന ലോകകപ്പിൽ ഇനി എല്ലാ ടീമുകൾക്കും നിർണായകം; ഇന്ന് രാവിലെ ന്യുസീലൻഡ്-പാകിസ്താനെ നേരിടും

ബെം​ഗളൂരു: ഏകദിന ലോകകപ്പിൽ ഇനി എല്ലാ ടീമുകൾക്കും നിർണായക ദിവസങ്ങളാണ്. ഇനിയൊരു തോൽവി എന്നത് ടീമുകളുടെ ലോകകപ്പ് സാധ്യതകളെ തകിടം മറിക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന മത്സരത്തിൽ ന്യുസീലൻഡ്-പാകിസ്താനെ നേരിടും. ഏഴ് മത്സരങ്ങൾ കളിച്ച ന്യുസീലൻഡ് നാല് വിജയങ്ങൾ നേടി. എട്ട് പോയിന്റുമായി കിവിസ് നാലാം സ്ഥാനത്താണ്. ആദ്യ നാല് മത്സരങ്ങളും വിജയിച്ച ന്യുസീലൻഡ് പോയിന്റ് ടേബിളിൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് മൂന്ന് തുടർ തോൽവികൾ കിവിസിന്റെ സ്ഥാനം നാലിലേക്ക് താഴ്ത്തി. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചു തുടങ്ങിയ ന്യുസീലൻഡ് തുടർന്നുള്ള മത്സരങ്ങളിൽ നെതർലൻഡ്സിനെയും ബംഗ്ലാദേശിനെയും അഫ്​ഗാനിസ്ഥാനെയും തകർത്തെറിഞ്ഞു. പിന്നാലെ ഇന്ത്യയോടും ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും തോൽവി വഴങ്ങി. ഇന്ന് പാകിസ്താനും അവസാന മത്സരത്തിൽ ശ്രീലങ്കയും കിവികൾക്ക് എതിരാളികളാകും. ഒരു തോൽവിയും ഒരു വിജയവുമാണെങ്കിൽ കണക്കിലെ കളികൾക്കായി കിവിസ് കാത്തിരിക്കണം.

മറുവശത്ത് മൂന്ന് വിജയവും നാല് തോൽവിയുമായി ആറ് പോയിന്റ് പാകിസ്താൻ നേടിയിട്ടുണ്ട്. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് പാകിസ്താൻ. നെതർലൻഡ്സിനോടും ശ്രീലങ്കയോടും ബം​ഗ്ലാദേശിനോടും പാകിസ്താൻ വിജയം നേടി. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്ഥാൻ ടീമുകളോട് പാക് ടീം തോൽവിയറിഞ്ഞു. ഇനി എതിരാളികൾ കിവിസും ഇം​ഗ്ലണ്ടുമാണ്. രണ്ടും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലങ്ങളെ കൂടി ആശ്രയിക്കണം. ബെം​ഗളൂരുവിൽ പാകിസ്താന് ലക്ഷ്യം വിജയം മാത്രമാകും.

ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും തമ്മിലാണ് ഇന്ന് നടക്കുന്ന മറ്റൊരു മത്സരം. പോയിന്റ് ടേബിളിൽ മൂന്നാമതുള്ള ഓസ്ട്രേലിയ പിന്നോട്ട് പോകാതിരിക്കാൻ ജയം അനിവാര്യം. ലോകകപ്പിൽ ഇനി സാധ്യതകളില്ലെങ്കിലും 2025 ചാമ്പ്യൻസ് ട്രോഫിക്കെത്താൻ ഇം​ഗ്ലണ്ടിനും ജയം വേണം. ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമുള്ള ഇം​ഗ്ലണ്ടിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാൽ ചാമ്പ്യൻസ് ട്രോഫിക്ക് യോ​ഗ്യത നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.