സി.പി.എമ്മിന്റേത് തരികിട രാഷ്ട്രീയം; യു.ഡി.എഫിന്റെ കെട്ടുറപ്പും എല്‍.ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: വി.ഡി. സതീശൻ

ലീഗിന് പിന്നാലെ നടന്ന് സി.പി.എം നാണംകെട്ടു

തൊടുപുഴ : സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന്, അക്കാര്യത്തില്‍ സംശയമുള്ള ചിലര്‍ക്ക് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഏക സിവിലില്‍ കോഡ് സെമിനാറിലേക്കും സി.പി.എം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നല്‍കിയിരുന്നു. വീണ്ടും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാന്‍ പോയി സി.പി.എം നാണംകെട്ടുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ്- ലീഗ് ബന്ധത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്.

ഒരു പാര്‍ട്ടിയെന്ന നിലയില്‍ ചില കാര്യങ്ങളില്‍ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഹാനികരമാകുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസും എടുക്കാറില്ല.

കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധവും യു.ഡി.എഫിന്റെ പ്രസക്തിയും ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നാണ് ലീഗിന്റെ ഇപ്പോഴത്തെ തീരുമാനം. എല്‍.ഡി.എഫ് ദുര്‍ബലമാണെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു പറയുകയാണ് സി.പി.എം. ആത്മവിശ്വാസം നഷ്ടപ്പെട്ട സി.പി.എം തുടര്‍ച്ചായി നടത്തിയ രണ്ട് വൃഥാശ്രമങ്ങളിലും പരിഹാസ്യരായി.എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വളരെ ഭംഗിയായി പറഞ്ഞു. ഇതോടെ എല്ലാം അവസാനിച്ചു. ഇനി അതിന് പിന്നാലെ ആരും നടക്കേണ്ട.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സി.പി.എം കൊണ്ടു പോയി. പാലസ്തീന് ആര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷെ സി.പി.എം വിലകുറഞ്ഞ തരികിട രാഷ്ട്രീയം കൊണ്ടുവന്ന് ആ പരിപാടിയുടെ പരിപാടിയുടെ ശോഭകെടുത്തിയെന്നും പ്രതിപക്ഷ നേതാവ് തൊടുപുഴയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.