കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ചികിത്സയിലുള്ളത് 20 പേര്‍. ഇതില്‍ പത്തുപേര്‍ ഐ.സി.യുവിലാണ്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. എട്ടുപേര്‍ വാര്‍ഡുകളിലാണെന്നും ആരോഗ്യ ഡയറക്ടര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തത്. അതേസമയം ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും.
പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ബോംബ് നിര്‍മാണത്തില്‍ കൂടുതല്‍ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളും പൊലീസ് പരിശോധിക്കും.
അതേസമയം, കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയതിന് 54 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് കേസുകള്‍.
ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് – 26 എണ്ണം. എറണാകുളം സിറ്റിയില്‍ പത്തും എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടു വീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഓരോ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.