പാർട്ടിയേക്കാള്‍ മുകളിലല്ല പിണറായി വിജയൻ, അത് അദ്ദേഹത്തിന് നന്നായറിയാം: മുഖ്യമന്ത്രിയെക്കുറിച്ച് പി.എ. മുഹമ്മദ് റിയാസ്

പിണറായി വിജയന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മികച്ച മാതൃകയാണെന്ന് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ ആരോടും ശത്രുത പുലര്‍ത്താത്ത ആളാണ് പിണറായിയെന്നും റിയാസ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പാര്‍ട്ടിക്ക് മുകളിലല്ല പിണറായി വിജയനെന്നും അത് അദ്ദേഹത്തിനാണ് ഏറ്റവും നന്നായി അറിയുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേഡര്‍മാര്‍ പാര്‍ട്ടിക്ക് മുകളിലല്ല. പിണറായിയും പാര്‍ട്ടിക്ക് താഴെയാണ്.

ആരോപണങ്ങള്‍ക്കെല്ലാം മാനനഷ്ടം ഫയല്‍ ചെയ്യാന്‍ പോയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനകം എത്രയെണ്ണം ഫയല്‍ ചെയ്യേണ്ടി വന്നേനെ വീണാ വിജയനുമായി ബന്ധപ്പെട്ടുയര്‍ന്ന സിഎംആര്‍എല്‍ വിവാദത്തില്‍ റിയാസിന്റെ മറുപടി.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചിട്ടുള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് വീണാ വിജയനെതിരായ ആരോപണങ്ങളെക്കുറിച്ചും പിണറായി വിജയനുമായുള്ള ആത്മബന്ധത്തെക്കുറിച്ചുമെല്ലാം മുഹമ്മദ് റിയാസ് പറഞ്ഞിരിക്കുന്നത്.

വീണയുമായുള്ള വിവാഹത്തിനു ശേഷവും അദ്ദേഹവുമായുള്ള എന്റെ ബന്ധത്തില്‍ തെല്ലും മാറ്റം വന്നിട്ടില്ല. അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം അങ്ങനെ ഒരു സ്വാധീനത്തിനും വഴിപ്പെടുന്നയാളല്ല. ഞങ്ങള്‍ രണ്ടുപേരും ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടുന്നവരല്ല. അതു തന്നെയാണ് ഞങ്ങള്‍ക്കിടയിലുള്ള കെമിസ്ട്രി മികച്ചതാവാനുള്ള കാരണവും. -മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന പദവിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റിയാസ് പറഞ്ഞു.

നിങ്ങളൊരു രാഷ്ട്രീയ നേതാവാണെങ്കില്‍, പ്രത്യേകിച്ച് പിണറായി വിജയനെ പോലെ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അം?ഗവും കൂടിയാണെങ്കില്‍ നിരന്തരം എതിരാളികളുടെ ആരോപണങ്ങള്‍ക്ക് വിധേയനാക്കപ്പെടും. ഇപ്പോള്‍ പ്രതിപക്ഷത്തിന് പിണറായി വിജയന്‍ പ്രധാന പ്രതിയോഗി ആണ്. പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹമാണ് ഏറ്റവും വലിയ ശക്തി. നാളെ, അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാള്‍ വരുമ്പോഴും ഈ എതിരാളികള്‍ ഇതേ രീതി തുടരും, ആ ആളെ ലക്ഷ്യം വെക്കും – അഭിമുഖത്തില്‍ റിയാസ് പറഞ്ഞു.