AM UPDATE 5/11/2023

SPEED NEWS

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

സിപിഐഎം സംസ്ഥാന കമ്മിറ്റി ഇന്ന് അവസാനിക്കും. മൂന്ന് ജില്ലകളിൽ കൂടി പലസ്തീൻ ഐക്യദാർഢ്യ റാലി, തീരുമാനം. നവംബർ 11 ന് ശേഷം നവകേരള സദസ്സിന് മുൻപ് ഐക്യദാർഢ്യ പരിപാടികൾ പൂർത്തിയാക്കാനാണു ആലോചന.

ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തി കെപിസിസി. ഒരാഴ്ചത്തേക്കാണ് വിലക്ക്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ല. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചേക്കും.

കേരളീയം പരിപാടിയിൽ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധി വിഭാവനം ചെയ്ത് പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചില്ലെന്ന് മണിശങ്കർ അയ്യർ.

മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങളില്ല; പ്രതിസന്ധി ധനവകുപ്പ്. പണം അനുവദിക്കാത്തതിനാലെന്ന് സപ്ലൈക്കോ. പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് ഒന്നരമാസമായി. വറ്റൽമുളകും വൻപയറും തീർന്നിട്ട് ഒരു മാസം കഴിഞ്ഞു. ഉഴുന്ന് രണ്ടാഴ്ച്ച മുൻപ് തീർന്നതാണ്. 13 സബ്സിഡി ഇനങ്ങളിൽ മറ്റുപലതും ചെറിയ അളവിൽ സ്റ്റോക്ക് വരും വേഗം തീരും.

കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.

നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി കേരളാ കോൺഗ്രസ് ബി. കേരളാ കോൺഗ്രസ് ബി വൈസ് ചെയർമാൻ വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും. ഛത്തിസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നവംബര്‍ ഏഴിനാണ് മിസോറമില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഛത്തിസ്ഗഡില്‍ നവംബര്‍ 7, 17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

ഛത്തീസ്ഗഡിൽ ബിജെപി നേതാവ് രത്തൻ ദുബെയ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ആക്രമണത്തിലാവാം രത്തൻ ദുബെയ് കൊല്ലപ്പെട്ടതെന്നാണ് സംശയം. നാരായൺ പൂർ ജില്ലയിൽ വെച്ചാണ് സംഭവമുണ്ടായത്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു.

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, മരണം 9400 ആയി; 10 ഹമാസ് കമാൻഡർമാരെ വധിച്ചെന്ന് ഐഡിഎഫ്. 10 ഹമാസ് കമാൻഡർമാരെ ഇതുവരെ വധിച്ചെന്ന് ഐഡിഎഫ് പറഞ്ഞു. ഒട്ടേറെ ഹമാസ് താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു.

ബന്ദികളെ വിട്ടുകിട്ടുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹമാസിനെ സഹായിക്കുമെന്ന് അമേരിക്ക ആരോപിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

ലോകകപ്പിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം. പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. ഉജ്ജ്വല ഫോമിൽ, കളിക്കുന്ന താരങ്ങളാണ് ഇരു ടീമിന്റെയും കരുത്ത്.

ഏകദിന ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് പുറത്ത്. ഓസ്ട്രേലിയയോട് 33 റൺസിന് പരാജയം വഴങ്ങിയതോടെയാണ് ഇംഗ്ലീഷ് പടയ്ക്ക് നാട്ടിലേക്ക് മ‌ടങ്ങേണ്ടി വന്നത്.

ന്യൂസിലന്‍ഡിനെതിരെ ജയിച്ചിട്ടും ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താന്‍ സാധിക്കാതെ പാകിസ്ഥാന്‍. ഇരു ടീമുകള്‍ക്കും എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് വീതമുണ്ട്. എന്നാല്‍ മോശം നെറ്റ് റണ്‍റേറ്റാണ് പാകിസ്ഥാന് വിലങ്ങുതടിയായത്.