AM UPDATE 6/11/2023

SPEED NEWS

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളിൽ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

കെപിസിസി വിലക്ക് മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണം. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് ഇന്ദിരാഭവനില്‍ ചേരുന്ന സമിതിയുടെ മുന്‍പാകെയാണ് ആര്യാടന്‍ ഷൗക്കത്ത് ഹാജരാകേണ്ടത്.

തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു ചെയ‍ര്‍മാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എറണാകുളം പാലക്കാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും.

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ സംഘര്‍ഷം. ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷത്തില്‍ ജയില്‍ ജീവനക്കാരന് പരുക്കേറ്റു. ജയിലധികൃതര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് തടവുകാര്‍ സഹതടവുകാരനെയും മര്‍ദിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ ബൂത്തും അടിച്ചു തകര്‍ത്തു.

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കത്തി നശിച്ചു. പള്ളിക്കര സ്വദേശി ഷാജിയുടെ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കാണ് കത്തിയത്. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പെട്ടെന്ന് തീ പടരുകയായിരുന്നു. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ബന്ദിപ്പൂര്‍ വനത്തില്‍ മാന്‍വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു.

എത്തിക്‌സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു.

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. ഡൽഹിയിലും പരിസരത്തും വായു ഗുണനിലവാര സൂചിക 400 രേഖപ്പെടുത്തി. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (എസ്എഎഫഎആർ) പ്രകാരം ഞായറാഴ്ച രാവിലെ വായു ഗുണനിലവാര സൂചികയിൽ 410 രേഖപ്പെടുത്തി.

ഗാസയില്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണെന്ന വിവാദ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി ഇസ്രായേല്‍. ജെറുസലേം കാര്യ-പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവിനെയാണ്‌ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയത്.

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ റാലി. മരണസംഖ്യ വന്‍തോതില്‍ വര്‍ധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കുന്നത് ആഹ്വാനം ചെയ്യാന്‍ അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ റാലി.

ലോകകപ്പിൽ ഇന്ന് ശ്രീലങ്ക – ബംഗ്ലാദേശ് മൽസരം. ഇരുടീമുകൾക്കും സെമിപ്രവേശന സാധ്യത അവസാനിച്ചിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റില്‍ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് കരുത്തിലാണ് ഇന്ത്യയ്ക്ക് അനായാസ ജയം സ്വന്തമാക്കാന്‍ സാധിച്ചത്.

49ആം ഏകദിന സെഞ്ചുറിയുമായി തൻ്റെ റെക്കോർഡിനൊപ്പമെത്തിയ വിരാട് കോലിക്ക് ആശംസയുമായി സച്ചിൻ തെണ്ടുൽക്കർ. അടുത്ത ദിവസം തന്നെ എൻ്റെ റെക്കോർഡ് തകർക്കാനാവട്ടെ എന്ന് സച്ചിൻ എക്സ് ആപ്പിൽ കുറിച്ചു.