ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈം ഔട്ടായി ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ്

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ‌ടൈംഡ് ഔട്ട് ആയിരിക്കുകയാണ്. ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോൾ 25-ാം ഓവറിലാണ് സംഭവം. ഹെൽമറ്റ് മാറിയെടുക്കുന്നതിനിടെ അടുത്ത പന്ത് നേരിടാൻ വൈകിയെന്ന് ബംഗ്ലാദേശ് നായകൻ ആരോപിച്ചു. ഷക്കീബ് അൽ ഹസ്സന്റെ അപ്പീലിൽ അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.

ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25ാം ഓവറിലെ രണ്ടാം പന്തില്‍ മഹ്മൂദുള്ള പിടിച്ച് സമരവിക്രമ പുറത്തായതോടെ ആഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ഒരു ബാറ്റര്‍ പുറത്തായാല്‍ രണ്ട് മിനിട്ടിനുള്ളില്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്തണമെന്നാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയാറെടുക്കവെ ഹെല്‍മറ്റ് മാറിപ്പോയെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെല്‍മറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, പുതിയ ഹെല്‍മറ്റുമായി സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ എത്തിയപ്പോഴേക്കും രണ്ട് മിനിട്ട് കഴിഞ്ഞു. ബംഗ്ലാദേശ് ടീമും ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ടൈം ഔട്ട് ആവശ്യപ്പെട്ടു. അപ്പീല്‍ പിന്‍വലിക്കാന്‍ ഷാക്കിബ് കൂട്ടാക്കാതിരുന്നതോടെ നിയമം കണക്കിലെടുത്ത് അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയായിരുന്നു.

മത്സരത്തിൽ സെഞ്ചുറി നേടിയ ചരിത് അസലങ്ക ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പിന്നാലെ മാത്യൂസിന്റെ പുറത്താകലിൽ താരം പ്രതികരണവുമായി എത്തി. സെഞ്ചുറി നേടാനായതിൽ തനിക്ക് സന്തോഷമുണ്ട്. പക്ഷേ മാത്യൂസിന്റെ പുറത്താകലിനെ കുറിച്ചാണ് തനിക്ക് പറയാനുള്ളത്. ക്രിക്കറ്റിന്റെ മാന്യതയ്ക്കെതിരായ പ്രവർത്തി എന്നാണ് മാത്യൂസിന്റെ പുറത്താകലിൽ അലസങ്കയുടെ വാക്കുകൾ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 279 റൺസിന് ഓൾ ഔട്ടായി. 105 പന്തിൽ 108 റൺസാണ് ചരിത് അസലങ്കയുടെ സംഭാവന.