കേരളവർമ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് വിവാദം; കെ.എസ്.യു ഹർജി ഇന്ന് ഹൈക്കോടതിയിൽ

തൃശൂർ: കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു ചെയ‍ര്‍മാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ര്‍ജിയിൽ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.അതേസമയം കേരളവർമ കോളേജിൽ വീണ്ടും യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കെഎസ്.യു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു ഇന്ന് മാർച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. കേരളവർമ കോളജ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ ക്രമക്കേടിലൂടെ അട്ടിമറിച്ചുവെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉൾപ്പെടെയുള്ളവർ ഇതിന് ഒത്താശ ചെയ്തുവെന്നാണ് കെ.എസ്.യു ആരോപണം.