കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി ആര്യാടൻ ഷൗക്കത്ത്; സിപിഎം വിളിച്ചാൽ അങ്ങനെ പോകാനാകില്ലെന്നും ഷൗക്കത്ത്

കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. കെപിസിസിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് അങ്ങനെ പോകാൻ സാധിക്കില്ല. തനിക്ക് പറയാനുളള കാര്യങ്ങൾ തീർത്തു പറഞ്ഞു. അച്ചടക്ക സമിതിക്ക് മുമ്പാകെ എല്ലാ കാര്യങ്ങളും വിശദീകരിച്ചെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിൽ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്. മലപ്പുറത്തെ പ്രധാന കോൺഗ്രസ് നേതാക്കന്മാരെ കൂടി കേൾക്കണമെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഈ മാസം എട്ടിന് യോഗം ചേരും. എട്ടിന് ജില്ലയിലെ മുതിർന്ന നേതാക്കന്മാർ അവർക്ക് പറയാനുളളത് പറയുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.

‘എന്റെ പിതാവ് ആശുപത്രിയിൽ കിടക്കുമ്പോഴും പറഞ്ഞത് കോൺഗ്രസ് പതാക പുതപ്പിക്കണമെന്നാണ്. അത് തന്നെയാണ് തന്റെ ജീവിതത്തിലും നടപ്പാക്കാൻ ആഗ്രഹിക്കുന്നത്. ആ കാര്യത്തിൽ ഒരു തർക്കവുമില്ല. പലസ്തീന്റെ കാര്യത്തിൽ നിലപാട് മാറ്റമില്ല. എന്റെ വിശദീകരണം പാർട്ടി ഉൾകൊളളുമെന്നാണ് പ്രതീക്ഷ,’ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറിയാണ് താൻ. അതുകൊണ്ട് തന്നെ സിപിഐഎം വിളിച്ചു കഴിഞ്ഞാൽ അതിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.