മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ സംഘർഷം; നിരവധിപ്പേർക്ക് പരിക്ക്, അറസ്റ്റ്; നാളെ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് തലസ്ഥാനത്ത് സംഘർഷത്തിലേക്ക് നയിച്ചത്. മാര്‍ച്ചിനു നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഘർഷം video:

കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചുവെന്ന് ആരോപിച്ച കെ എസ് യു തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മന്ത്രിയുടെ വീടിന് മുന്നിലും പിന്നാലെ പാളയത്തും കെഎസ് യു പ്രതിഷേധമുണ്ടായി. പാളയം റോഡ് കെഎസ് യു ഉപരോധിച്ചു. ചിത്തരഞ്ചൻ എംഎൽഎയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കന്റോമെന്റ് പൊലീസ് വാഹനത്തിന്റെ താക്കോൽ പ്രവർത്തകർ നശിപ്പിച്ചു.
പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ് യു നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.