സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാർ നടപടി എടുക്കാത്തതെന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരളം നല്കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.
”ആർക്കെങ്കിലും അവരുടെ ഉള്ളിൽ സംശയം ഉണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം. ആ സംശയം മാറ്റും”… സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയതിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമർശത്തിൽ കേരളം സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു.
സംസ്ഥാനത്തിന്റെ ഹർജി പരാമർശിച്ച മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഗവർണർമാർക്കും സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ ഇത്തരം വിഷയങ്ങൾ രമ്യമായി തീർക്കാനുള്ള ചർച്ചകൾ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഹർജികൾ വെള്ളിയാഴ്ച ഒന്നിച്ച് പരിഗണിക്കും. സുപ്രീംകോടതിയുടെ ഇന്നത്തെ നിരീക്ഷണത്തോടെ തീരുമാനം എടുക്കാൻ ഗവർണറുടെ മേലുള്ള സമ്മർദ്ദം ശക്തമാകുകയാണ്.