മാക്സിയുടെ 200 മാജിക്കിൽ അഫ്​ഗാനിസ്ഥാന് നാണംകെട്ട തോൽവി; ഓസിസ് സെമിയിൽ

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ സെമിയിൽ പ്രവേശിച്ചു. അഫ്​ഗാനിസ്ഥാനെതിരെ 3 വിക്കറ്റ് ജയം സ്വന്തമാക്കിയ ഓസിസ് മാക്സ്‍വെല്ലിന്റെ ബാറ്റിം​ഗ് മികവിലാണ് വിജയിച്ചത്. അഫ്​ഗാനിസ്ഥാൻ ബൗളർമാർ മാക്സ്‍വെല്ലിന്റെ മനക്കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പതറുന്ന കാഴ്ചയാണ് വാംഖഡെയിൽ കണ്ടത്. മാക്‌സ്‌വെല്‍ 128 പന്തുകളില്‍ നിന്ന് 21 ഫോറിന്റെയും 10. സിക്‌സിന്റെയും സഹായത്തോടെ 201 റണ്‍സാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അതുപോലെ ലോകകപ്പില്‍ ചേസിങ്ങില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണിത്. പാതിവഴിയില്‍ പേശിവലിവ് മൂലം പ്രാണവേദന അനുഭവിച്ചിട്ടും തളരാതെ ഒരു യോദ്ധാവിനെപ്പോലെ മാക്‌സ്‌വെല്‍ വാംഖെഡെയിലെ ആയിരക്കണക്കിന് ആരാധകരെ ത്രസിപ്പിച്ചു. ഇരുവരുടെയും ഈ കൂട്ടുകെട്ടാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 1983 ലോകകപ്പില്‍ കപില്‍ ദേവ് നടത്തിയ ഒറ്റയാള്‍ പോരാട്ടം പോലെയായിരുന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്.ഒരു ഘട്ടത്തില്‍ അനായാസ വിജയം കൊതിച്ച അഫ്ഗാന്‍ അവിശ്വസനീയമായി തകര്‍ന്നടിച്ചു. ലോകോത്തര ബൗളര്‍മാരുണ്ടായിട്ടും ഓസീസിനെ ഓള്‍ ഔട്ടാക്കാന്‍ ടീമിന് സാധിച്ചില്ല. തോറ്റെങ്കിലും അഫ്ഗാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ടീമിന് സെമിയിലെത്താം.

അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയെ അഫ്ഗാന്‍ വിറപ്പിച്ചു. പേരുകേട്ട ഓസീസ് ബാറ്റിങ് നിര അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി വീണു. വെറും 69 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (24) എന്നിവരെ നവീന്‍ ഉള്‍ ഹഖ് മടക്കിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ (18), ജോഷ് ഇംഗ്ലിസ് (0) എന്നിവരെ അസ്മത്തുള്ള ഒമര്‍സായിയും പുറത്താക്കി. ക്രീസിലുറച്ചുകളിക്കാന്‍ ശ്രമിച്ച മാര്‍നസ് ലബൂഷെയ്‌നിനെ റഹ്‌മത്ത് ഷാ റണ്‍ ഔട്ടാക്കിയതോടെ ഓസീസ് മുന്‍നിര കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊന്നിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഫലവത്തായില്ല. ടീം സ്‌കോര്‍ 87-ല്‍ നില്‍ക്കെ സ്‌റ്റോയിനിസിനെ റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വെറും ആറ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെയും മടക്കി റാഷിദ് കരുത്തുകാട്ടി. മൂന്ന് റണ്‍സെടുത്ത സ്റ്റാര്‍ക്ക് മടങ്ങുമ്പോള്‍ ഓസീസിന്റെ നില പരുങ്ങലിലായി. 91 ന് ഏഴുവിക്കറ്റ് എന്ന നിലയിലായി ഓസീസ്.

പാറ്റ് കമ്മിന്‍സിനെ കൂട്ടുപിടിച്ച് മാക്‌സ്‌വെല്‍ ടീം സ്‌കോര്‍ 100 കടത്തി. രണ്ട് തവണ മാക്‌സ്‌വെല്ലിനെ പുറത്താക്കാനുള്ള അവസരം അഫ്ഗാന്‍ തുലച്ചു. പിന്നാലെ മാക്‌സ്‌വെല്‍ അര്‍ധസെഞ്ചുറി കുറിച്ചു. താരത്തിന്റെ മൂന്നാം ലോകകപ്പ് അര്‍ധസെഞ്ചുറിയാണിത്. കമ്മിന്‍സിനെ സാക്ഷിയാക്കി മാക്‌സ്‌വെല്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മാക്‌സ്‌വെല്‍ ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയതോടെ ഓസീസ് ക്യാമ്പില്‍ പ്രതീക്ഷ പരന്നു. താരം വെറും 76 പന്തില്‍ നിന്ന് സെഞ്ചുറി നേടി. താരത്തിന്റെ നാലാം ഏകദിന സെഞ്ചുറിയാണിത്. പിന്നാലെ കമ്മിന്‍സിനൊപ്പം താരം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

35 ഓവറില്‍ ടീം സ്‌കോര്‍ 200-ല്‍ എത്തി. തകര്‍ത്തടിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മാക്‌സ്‌വെല്ലിന് കാലിന് പരിക്കേറ്റു. ഇതോടെ താരത്തിന് ഓടാന്‍ ബുദ്ധിമുട്ടുവന്നു. വേദനസഹിച്ചുകൊണ്ടാണ് മാക്‌സ്‌വെല്‍ പൊരുതിയത്. 41-ാം ഓവറില്‍ റണ്ണിനായി ഓടിയ മാക്‌സ്‌വെല്‍ ഗ്രൗണ്ടില്‍ വേദനകൊണ്ട് പുളഞ്ഞുവീണു. വേദന സഹിച്ച് വീണ്ടും കളിച്ച താരം 104 പന്തില്‍ നിന്ന് 150 റണ്‍സെടുത്തു.
ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്‍ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.