ഛത്തീസ്ഗഢും, മിസോറമും വിധിയെഴുതുന്നു; ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്, പ്രശ്നബാധിതമായ 600 പോളിംഗ് ബൂത്തുകൾ, മാവോയിസ്റ്റ് സ്വാധീന മേഖലകൾ – ഡ്രോൺ ഉൾപ്പെടെ ത്രിതല സുരക്ഷ

ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറാമില്‍ മുഴുവന്‍ (40) നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.1276 പോളിംഗ് സ്റ്റേഷനുകളിലായി 8.75 ലക്ഷം പേരാണ് ചൊവ്വാഴ്ച്ച മിസോറാമില്‍ വോട്ട് രേഖപ്പെടുത്തുന്നത്. 16 വനിതകള്‍ ഉള്‍പ്പെടെ 174 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വര്‍ഷങ്ങളായി രണ്ട് പാര്‍ട്ടികള്‍ തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇത്തവണ ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം.