കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗങ്ങളുടെ ലിവിങ് മ്യൂസിയം വിവാദം; തെറ്റ് പറ്റിയിട്ടില്ലെന്ന് ഫോക്‌ലോർ അക്കാദമി

കേരളീയം 2023 സാംസ്കാരികോത്സവത്തിൽ ആദിവാസി വിഭാഗങ്ങളുടെ ലിവിങ് മ്യൂസിയം സംഘടിപ്പിച്ചതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഫോക്ലോർ അക്കാദമി. പിഴവ് പറ്റിയെന്ന് തോന്നിയാല്‍ തിരുത്തുമെന്നും അക്കാദമി വ്യക്തമാക്കി. തെറ്റുണ്ടായിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന മന്ത്രി രാധാകൃഷ്ണന്റെ നിലപാട് തന്നെയാണ് തങ്ങൾക്കുമെന്ന് ഫോക്‌ലോർ അക്കാദമി ചെയര്‍മാൻ ഒഎസ് ഉണ്ണികൃഷ്ണൻ. കേരളീയത്തിൽ പ്രദർശനം സംഘടിപ്പിച്ചത് ഊരുമൂപ്പന്മാരുമായി ചർച്ച ചെയ്താണ്. ആദിവാസികളെയല്ല മറിച്ച് അവരുടെ കുടിലുകളും കലാപ്രകടനങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. അവിടെ നിന്നെടുക്കുന്ന ഫോട്ടോകൾ കണ്ടാണ് വിമർശനം ഉന്നയിക്കുന്നതെന്നും നേരിട്ട് വന്ന് പ്രദർശനം കണ്ടതിനു ശേഷം വേണം വിമർശിക്കാനെന്നും അദ്ദേഹം പറഞ്ഞു. കേരളീയം സാംസ്കാരികോത്സവത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്നതാണ് ആരോപണമായി ഉയരുന്നത്. കോളനിഭരണകാലത്ത് ഇന്ത്യൻ ജനതയെ ‘ലിവിങ് മ്യൂസിയ’മാക്കി മാറ്റിയെന്ന ആരോപണമാണ് ഉയരുന്നത്.

എന്നാൽ കേരളീയം ഉത്സവം വിജയിച്ചതാണ് പലരെയും വിമർശനമുന്നയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഒഎസ് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. മ്യൂസിയമാക്കപ്പെട്ടത് ആദിവാസികളല്ലെന്നും അവരുടെ ജീവിത പരിസരങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഏറെ വികാസം പ്രാപിച്ച സംസ്ഥാനമായതിനാൽത്തന്നെ ഇന്ന് പരമ്പരാഗത വേഷമണിഞ്ഞുള്ള ആദിവാസികളെ കാണാനാകില്ല. നമ്മുടെ പൂർവ്വികർ എങ്ങനെയായിരുന്നു എന്നതിന്റെ പ്രദര്‍ശനമാണ് കേരളീയത്തിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.