ആലുവയിൽ ദുരഭിമാനക്കൊല; അച്ഛൻ വിഷം കുടിപ്പിച്ച 14കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ആലുവയിൽ പ്രണയത്തിന്റെ പേരിൽ ദേഷ്യപ്പെട്ട് പിതാവ് വിഷം കുടിപ്പിച്ച 14കാരിയായ മകളാണ് മരിച്ചത്. താൻ എതിർത്തിട്ടും മകൾ പ്രണയബന്ധം തുടർന്നുവെന്ന് ആരോപിച്ചാണ് ഇയാൾ മകളെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചത്. പിതാവിന്റെ ക്രൂരമർദ്ദനത്തിന് പിന്നാലെ ഒരാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ കുട്ടി.

മകളുടെ പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ കമ്പിവടി കൊണ്ട് ദേഹമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും, ബലം പ്രയോഗിച്ച് കളനാശിനി കുടിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ വെച്ച് പെൺകുട്ടി തന്നെയാണ് പിതാവാണ് തന്നെ കളനാശിനി കുടിപ്പിച്ചതെന്ന് ഡോക്ടർമാരോട് വെളിപ്പെടുത്തിയിരുന്നു. ഡോക്ടർമാരുടെ പരാതിയിൽ ആലുവ പൊലിസ് പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇതര മതസ്ഥനായ സഹപാഠിയെ എതിർപ്പ് മറികടന്ന് പ്രണയിച്ചതിന്റെ പേരിലാണ് പിതാവ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി.