നടവയൽ സിഎം കോളേജിൽ കെഎസ്‍യു പ്രവർത്തകരുമായുണ്ടായ കൈയാങ്കളി; കോളേജ് പ്രിൻസിപ്പാളിനെതിരെ സസ്പെൻഷനും, കേസും

വയനാട് നടവയൽ സിഎം കോളേജിൽ കെഎസ്‍യു പ്രവർത്തകരുമായുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തു. കെഎസ്‍യു പ്രവർത്തകരുടെ പരാതിയിൽ പനമരം പോലീസ് പ്രിൻസിപ്പാൾ ഡോ. എപി ഷെരീഫിനെതിരെ കേസെടുക്കുകയും ചെയ്തു. വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പഠിപ്പുമുടക്ക് സമരവുമായെത്തിയ കെഎസ്‍യു പ്രവർത്തകരെ പ്രിൻസിപ്പാൾ മർദിക്കുകയായിരുന്നുവെന്ന് കെഎസ്‍യു ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് കോളേജ് ഉന്നതാധികാരസമിതി പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തത്.

ഉപരോധസമരത്തെ തുടർന്ന് കോളേജ് അധികൃതരും കെഎസ്‍യു പ്രവർത്തകരും നടത്തിയ ചർച്ചയിലാണ് പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് കെഎസ്‍യു പ്രവർത്തകർ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പഠിപ്പുമുടക്ക് സമരവുമായി കോളേജിൽ എത്തിയത്. കോളേജ് അടപ്പിക്കാൻ പുറത്തുനിന്നുമെത്തിയ കെഎസ്‍യു പ്രവർത്തകരും പ്രിൻസിപ്പാളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.

കെഎസ്‍യു പ്രവർത്തകർ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കടന്നുചെന്നപ്പോഴാണ് പ്രിൻസിപ്പാളിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവുമില്ലാതെ മോശമായ പെരുമാറ്റമുണ്ടാകുകയും മർദിക്കുകയും ചെയ്തതെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചപ്പോൾ പ്രതിരോധിച്ചതാണെന്നായിരുന്നു പ്രിൻസിപ്പാളിന്റെ പ്രതികരണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാലുവേഷൻ ക്യാംപ് നടക്കുന്നതിനാൽ കോളേജുകളിൽ ക്ലാസ് പാടില്ലെന്ന നിർദേശമുണ്ടായിരുന്നു. ഇത് മറികടന്നായിരുന്നു ഇവിടെ സ്‌പെഷ്യൽ ക്ലാസ് നടത്തിവന്നിരുന്നതെന്ന് കെഎസ്‍യു ആരോപിച്ചു.