ആത്മഹത്യാശ്രമമെന്ന് സൂചന; ഉറക്കഗുളിക അമിതമായി കഴിച്ച് അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ബോധരഹിതനായി ഫ്ളാറ്റിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ അലൻ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയാണ് കൊച്ചി ഇടച്ചിറയിലുള്ള ഫ്ലാറ്റിൽ വെച്ച് അലനെ അവശനിലയിൽ കണ്ടെത്തിയത്. അലൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

ആത്മഹത്യ ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. തന്നെ ഇവിടുത്തെ സിസ്റ്റമാണ് കൊല്ലുന്നതെന്ന് ആരോപിച്ച് അലൻ സുഹൃത്തുക്കൾക്ക് വാട്സ് ആപ്പിലൂടെ കത്തയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ താന്‍ ഈ സിസ്റ്റത്തിന്‍റെ ഇരയാണെന്നും വിചാരണ നീണ്ടുപോകുന്നത് കൊണ്ട് തനിക്ക് പരീക്ഷ എഴുതാന്‍ കഴിയുന്നില്ലന്നും സൂചിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.