ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വെക്കാന്‍ പറ്റാണ്ടായി; അനശ്വര രാജന്റെ ഫോട്ടോയ്ക്ക് അമ്മയുടെ കമന്റ്

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. മഞ്ജു വാര്യരുടെ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് അനശ്വര അരങ്ങേറുന്നത്. ആദ്യ സിനിമയില്‍ തന്നെ കയ്യടി നേടാനും അനശ്വരയ്ക്കായി. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര നായികയായി മാറുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ വന്‍ വിജയമായി മാറുകയും അനശ്വരയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. തുടര്‍ന്ന് സൂപ്പര്‍ ശരണ്യയിലൂടെ ടൈറ്റില്‍ റോളിലെത്തിയും വിജയം ആവര്‍ത്തിച്ചു. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഏറ്റവും തിരക്കുള്ള നടിയാണ് അനശ്വര. ഇതിനിടെ ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ് അനശ്വര രാജന്‍. യാരിയാന്‍ 2 എന്ന ചിത്രത്തിലൂടെയാണ് അനശ്വരയുടെ ബോളിവുഡ് എന്‍ട്രി. അവിടേയും കയ്യടി നേടാന്‍ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനശ്വര രാജന്‍. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അനശ്വരയുടെ ഫാഷന്‍ ചോയ്‌സുകളും ചര്‍ച്ചയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ബുള്ളിയിംഗും അനശ്വരയ്ക്ക് അതിജീവിക്കേണ്ടി വരാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ അനശ്വര പങ്കുവച്ച പുതിയ ചിത്രങ്ങളും ചര്‍ച്ചയായി മാറുകയാണ്. അതിമനോഹരമായൊരു സാരിയില്‍ അതിസുന്ദരിയായിട്ടാണ് അനശ്വര എത്തിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി ധാരാളം ആരാധകരുമെത്തിയിട്ടുണ്ട്. ഇതിനിടെ രസകരമായൊരു കമന്റുമായി അനശ്വരയുടെ അമ്മയും എത്തുകയായിരുന്നു. ഇത് എപ്പോഴാ പൊക്കിയേ? ഇവളെ പേടിച്ച് സാരി ഒന്നും തന്നെ കാണുന്നിടത്ത് വെക്കാന്‍ പറ്റാണ്ടായി എന്നായിരുന്നു മകളെ ട്രോളിക്കൊണ്ടുള്ള അമ്മയുടെ കമന്റ്. അമ്മയുടെ കമന്റും ഹിറ്റായി മാറിയിരിക്കുകയാണ്. പിന്നാലെ അതേ സാരിയിലുള്ള അനശ്വരയുടെ റീലും വൈറലായി മാറുകയാണ്. കമന്റുകളില്‍ മിക്കവരും ചോദിക്കുന്നത് അമ്മയുടെ പ്രതികരണം വന്നോ എന്നാണ്. താരങ്ങളായി മമിത ബൈജു, ലച്ചു ഗ്രാം തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും തന്റെ വസ്ത്രത്തിന്റെ പേരില്‍ കയ്യടി മാത്രമല്ല ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് അനശ്വര രാജന്‍.

ഷോര്‍ട്‌സ് ധരിച്ചുള്ള തന്റെ ചിത്രത്തിന്റെ പേരില്‍ അനശ്വരയ്ക്ക് കടുത്ത സൈബര്‍ ആക്രമണം തന്നെ നേരിടേണ്ടി വന്നിരുന്നു. പിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ അന്ന് അനശ്വരയ്ക്ക് പിന്തുണയുമായി എത്തുകയും വിമണ്‍ ഹാവ് ലെഗ്ഗ്‌സ് എന്നൊരു ഹാഷ്ടാഗ് ക്യാംപയിന്‍ തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു. തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അനശ്വരയും തുറന്നടിച്ചിട്ടുണ്ട്. ”പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ബോള്‍ഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. യെസ് വീ ഹാവ്സ് ലെഗ്സ് വിവാദത്തിലും ഐസോഗ്രഫി ഫോട്ടോഷൂട്ടിനും ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ അനശ്വര ഇത് ചെയ്തത്. ചേച്ചിയോട് ചോദിക്കുന്നു, അനുജത്തിക്കു വേണ്ടത് പറഞ്ഞു കൊടുത്തു കൂടേ” എന്നാണ് അനശ്വര പറയുന്നത്.