ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടികൊണ്ടുപോകാൻ ശ്രമം, പഴ്‌സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ കള്ളന്മാര്‍ മോഷ്ടിച്ചു

സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മർ ജൂനിയറുടെ കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നെയ്മറുടെ കാമുകി ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കൊള്ളസംഘം എത്തിയ സമയത്ത് ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. എങ്കിലും ബ്രൂണയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷം കൊള്ളസംഘം വീട്ടിൽ മോഷണം നടത്തി. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബ്രൂണോയുടെ മാതാപിതാക്കൾക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

വീട്ടില്‍നിന്ന് ശബ്ദമുയർന്നതോടെ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ പൊലീസ് പിടിയിലായി. മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ അറസ്റ്റുചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പഴ്‌സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ കൊള്ള സംഘം ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.