പഴയ ‘നക്ഷത്രകണ്ണുള്ള രാജകുമാരി’യെ കണ്ട് തിരിച്ചറിയാനാകാതെ ആരാധകർ; ഇതും അഴകാണെന്ന് ​ഗായത്രി

നടി ഗായത്രി രഘുറാമിന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 2002ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’യിലെ നായികയായി മലയാളികൾക്കും പരിചിതയാണ് ഗായത്രി. മുടി പറ്റെ വെട്ടി ഡൈ ചെയ്യാതെയാണ് ഗായത്രിയുടെ പുതിയ ലുക്ക്.

നേരത്തേ തല മൊട്ടയടിച്ചും നടി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ബാഹ്യസൗന്ദര്യത്തില്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് ഗായത്രി ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ‘‘കിഴവി, മൊട്ട തുടങ്ങിയ വിളികൾ ഇതിനോടകം കേട്ടു കഴിഞ്ഞു. ഇക്കാലത്ത് നിരവധിപ്പേർ കോസ്‌മെറ്റിക് ഉൽപന്നങ്ങൾക്കു പണം മുടക്കുന്നുണ്ട്. ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകൾ പോലും യുവത്വം നിറയുന്ന ലുക്ക് വേണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. മുടി സ്റ്റൈൽ ചെയ്യണം എന്നെല്ലാം അവർ ആഗ്രഹിക്കുന്നു. ഇതും അഴകാണ്. അത്രയും ചെലവില്ലാതെ സുന്ദരിയാകാം എന്ന് ചിന്തിച്ചു നോക്കൂ.’’–ഗായത്രിയുടെ വാക്കുകൾ.

കൊറിയോഗ്രാഫർമാരായ രഘുറാമിന്റെയും ഗിരിജ രഘുറാമിന്റെയും മകളാണ് ഗായത്രി. പതിനാലു വയസ്സ് മുതൽ സിനിമയിൽ സജീവ സാന്നിധ്യമായ ഗായത്രി കലാ മാസ്റ്ററുടെയും വൃന്ദ മാസ്റ്ററുടെയും കുടുംബാംഗം കൂടിയാണ്.