കാഴ്ചക്കാരെ തോൽപ്പിക്കില്ല;തോൽവിഎഫ്‍സി‘! കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷിക്കാനൊരുചിത്രം; റിവ്യൂ വായിക്കാം

ഒത്തിരി സന്തോഷ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു കുഞ്ഞുസിനിമ, ‘തോൽവി എഫ്‍സി’യെ ഒറ്റ വാചകത്തിൽ അങ്ങനെ ചുരുക്കി പറയാം. പ്രായഭേദമെന്യേ ഏവർക്കും ചിരിച്ചാസ്വദിച്ച് കാണാനാവുന്ന വിധത്തിലൊരു സിനിമ. പ്രത്യേകിച്ച് കുട്ടിക്കൂട്ടങ്ങളുടെ മനസ്സ് കവരുന്ന ചിത്രമാണെങ്കിലും അതോടൊപ്പം കുട്ടികളുടെ മനസ്സുള്ള മുതിർന്നവരുടേയും പ്രിയം നേടുന്ന ഒരു ചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ഷറഫുദ്ദീനും ജോണി ആന്‍റണിയും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘തോൽവി എഫ്‍സി’.

തോൽക്കാൻ പല‍ർക്കും പേടിയുള്ള കാലമാണല്ലോ ഇത്. സ്കൂളിലാണെങ്കിലും ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലുമൊക്കെ തോൽവികളെ അഭിമുഖീകരിക്കാൻ പലപ്പോഴും നമ്മളിൽ പലരും പഠിച്ചിട്ടില്ലെന്നത് ഒരു പച്ച പരമാർത്ഥമാണ്. തോൽവികള്‍ വരുമ്പോള്‍, നഷ്ടങ്ങള്‍ വരുമ്പോള്‍ ജീവിതം പോലും അവസാനിപ്പിച്ചുകളയുന്ന രീതിയിലേക്ക് ചിലരെത്താറുമുണ്ട്. എന്നാൽ തോൽവികളേയും നഷ്ടങ്ങളേയുമൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റോടെ നേരിടാനുള്ള കുറുക്കുവഴികളാണ് ‘തോൽവി എഫ്‍സി’ പ്രേക്ഷകർക്ക് നൽകുന്നത്.

കുടുംബത്തിലും ജീവിതത്തിലും സമൂഹത്തിനിടയിലുമൊക്കെ തോറ്റുപോയവരുടെ സിനിമയാണിത്. തോൽവികളിൽ നിന്ന് തോൽവികളിലേക്ക് പോകുന്നവരുടെ അസാധാരണമായ മനോവീര്യത്തിന്‍റെ കഥയാണിത്. തോൽവികളൊന്നും വെറുതെയാകില്ലെന്ന് പറയുന്നുണ്ട് ചിത്രം. കുരുവിള, ശോശാമ്മ, അവരുടെ മക്കളായ ഉമ്മൻ, തമ്പി ഇവരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരാണ് മറിയവും അബുവും റിസ്വാനും അപർണയും ശർമിനും അനന്തുവും അഹമ്മദുമൊക്കെ. എന്തൊക്കെ ചെയ്താലും തൊട്ടതെല്ലാം പൊട്ടി പാളീസാകുന്നയാളാണ് കുരുവിള. ഏറ്റവും ഒടുവിൽ ബിറ്റ്‍കോയിനിൽ വലിയൊരു തുക നിക്ഷേപിച്ച് കൈ പൊള്ളിയിരിക്കുകയാണ്.

ലൈബ്രേറിയനും എഴുത്തുകാരിയുമായ ശോശാമ്മയാകട്ടെ താനെഴുതിയൊരു നോവൽ എങ്ങനെയെങ്കിലും പബ്ലിഷ് ചെയ്യാനുള്ള നീക്കങ്ങളിലാണ്. ബാംഗ്ലൂരിലെ മള്‍ട്ടിനാഷണൽ കമ്പനിയിലെ ഐടി ജോലിയുപേക്ഷിച്ച് നാട്ടിൽ ചായ് നേഷൻ എന്നൊരു കോഫി ഷോപ്പ് തുടങ്ങിയിരിക്കുകയാണ് ഉമ്മൻ. തമ്പി എഫ്‍സി എന്ന കുട്ടികളുടെ ഒരു ഫുട്ബോള്‍ ടീമുമായി നടക്കുകയാണ് തമ്പി. ഇവരുടെ കുടുംബത്തിൽ ഒരു കൂടപ്പിറപ്പിനെപ്പോലെ എപ്പോഴുമുണ്ട് തോൽവി. ഇവരുടെ ജീവിതത്തിലേക്ക് ചിലർ കൂടി വന്നെത്തുന്നതോടെ വലിയ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ് സിനിമയുടെ പ്രമേയം. തോറ്റ് തുന്നം പാടുന്ന അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന കാര്യങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ നർമ്മത്തിന്‍റെ അകമ്പടിയിലൂടെ ‘തോൽവി എഫ്‍സി’യിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ഒട്ടേറെ ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന, രസം പിടിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുമായാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗത്തെ കുറിച്ചും മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരുന്നാൽ അത് അവരെ കുഴപ്പത്തില്‍ ചാടിക്കുന്നതും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമൊക്കെ ഉപദേശ രൂപത്തിലല്ലാതെ ലളിതമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഓരോ കുട്ടികള്‍ക്കും ഉള്ളത് വ്യത്യസ്ത കഴിവുകളാണെന്നും അതൊക്കെ കണ്ടെത്തി അവരെ അതിനുവേണ്ടി സജ്ജരാക്കുകയാണ് വേണ്ടതെന്നുമൊക്കെ ചിത്രം കാണിച്ചുതരുന്നുണ്ട്.

കുരുവിളയായി ജോണി ആന്‍റണിയുടെ മികവുറ്റ പ്രകടനം തന്നെ കാണാം. നർമ്മ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലുമടക്കം അദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്. ഉമ്മനായി ഷറഫുദ്ദീന്‍റെ അഭിനയവും ഹൃദയഹാരിയാണ്. അയാളുടെ സ്വപ്നങ്ങളും നേട്ടങ്ങളും നഷ്ടങ്ങളുമൊക്കെ പ്രേക്ഷകർക്ക് കൂടി ഫീൽ ചെയ്യുന്ന വിധം സ്ക്രീനിലെത്തിച്ചിട്ടുണ്ട്. ശോശാമ്മയായി ആശ മഠത്തിൽ ശ്രീകാന്ത് ഇരുത്തം വന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തമ്പിയായി ജോർജ്ജ് കോരയുടെ പ്രകടനവും ഏവരേയും രസിപ്പിക്കുന്നതാണ്. മറിയമായി മീനാക്ഷിയും അബുവായി അനുരാജുമൊക്കെ ശ്രദ്ധേയ അഭിനയമാണ് നടത്തിയിരിക്കുന്നത്. കൂടാതെ കുട്ടി കൂട്ടങ്ങളിൽ പുതുമുഖങ്ങളായ ചിലരും റിയാലിറ്റി ഷോകളിലൂടെ ഇതിനകം താരമായ ഇരട്ടകള്‍ കെവിനും എവിനും തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്.

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യൂത്തിനുമൊക്കെ പെട്ടെന്ന് കണക്ടാവുന്ന കഥാവഴിയാണ് സിനിമയുടേത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരു ഫീൽഗുഡ് കാഴ്ചവിരുന്നാണ് സമ്മാനിച്ചിരിക്കുന്നത്. ജോർജ്ജ് കോര തന്നെയാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചെറിയൊരു ത്രെഡിനെ പ്രായഭേദമെന്യേ എല്ലാത്തരം പ്രേക്ഷകരേയും പിടിച്ചിരുത്തും വിധം അദ്ദേഹം സ്ക്രീനിലെത്തിച്ചിട്ടുണ്ട്. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒട്ടേറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘തിരികെ’ എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് നിർമ്മിച്ചിരിക്കുന്നത്. ശ്യാമപ്രകാശിന്‍റെ ഛായാഗ്രഹണവും ലാൽ കൃഷ്ണയുടെ എഡിറ്റിംഗും മികച്ചുനിൽക്കുന്നതാണ്. സിബി മാത്യു അലക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും സിജിൻ തോമസും വിഷ്ണു വർമ്മയും കാർത്തിക് കൃഷ്ണനും ഒരുക്കിയിരിക്കുന്ന പാട്ടുകളും സിനിമയോടൊപ്പം നീങ്ങുന്നതായാണ് അനുഭവപ്പെട്ടത്. കുടുംബ പ്രേക്ഷക‍ർക്കും കുട്ടികള്‍ക്കുമൊക്കെ മനസ്സ് നിറഞ്ഞ് ആഘോഷമാക്കാവുന്ന സിനിമാനുഭവം തന്നെയാണ് തീർച്ചയായും തോൽവി എഫ്‍സി.

കുരുവിള കുടുംബത്തോടൊപ്പം രസകരമായൊരു യാത്ര! നിറയെ സ്നേഹം പകരുന്ന ചിത്രമായിതോൽവി എഫ്‍സി

തോറ്റുപോയവരുടെ ഹൃദയമിടിപ്പുകള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ. വിജയിക്കുവേണ്ടിയുള്ള ആരവങ്ങള്‍ക്കും ആർപ്പുവിളികള്‍ക്കും ഇടയിൽ പരാജിതരുടെ കാഴ്ചകള്‍ ചിലപ്പോള്‍ കണ്ണീരുപ്പിൽ മങ്ങുന്നുണ്ടാകും. ആരവങ്ങളൊഴിഞ്ഞതായിരിക്കും അവരുടെ ഉള്ളം. തോറ്റവരുടെ പക്ഷം ചേർന്നുകൊണ്ട് പ്രതീക്ഷകളുടെ പുതുസ്വപ്നങ്ങള്‍ പകരുന്ന ചലച്ചിത്രാനുഭവം സമ്മാനിച്ചിരിക്കുകയാണ് ഷറഫുദ്ദീനും ജോണി ആന്‍റണിയും മുഖ്യ വേഷത്തിലെത്തിയിരിക്കുന്ന ‘തോൽവി എഫ്‍സി’ എന്ന ചിത്രം.

കുടുംബം, പ്രണയം, ജോലി, സ്‌പോർട്‌സ്‌മാൻഷിപ്പ്, ജയപരാജയങ്ങള്‍, മൊബൈലുകളുടെ കടന്നുകയറ്റം, വ്യക്തിത്വ വികസനം, പതിയിരിക്കുന്ന ചതിക്കുഴികള്‍ തുടങ്ങി ഒട്ടേറെ മേഖലകളിൽ സ്പർശിച്ചുകൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ ജോർജ്ജ് കോര ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനവും ജോർജ്ജ് കോര തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

കുരുവിള (ജോണി ആന്‍റണി), ശോശ (ആശ മടത്തിൽ), ഉമ്മൻ (ഷറഫുദ്ദീൻ), തമ്പി (ജോർജ് കോര) എന്നിവരടങ്ങുന്നതാണ് കുരുവിള കുടുംബം. ഓഹരി കച്ചവടത്തിലെ സാമ്പത്തിക ഇടപാടിൽ കുരുവിളക്ക് വലിയ നഷ്ടം സംഭവിക്കുന്നു. ഒരു ലൈബ്രേറിയനായ ശോശ എന്നെങ്കിലും താനൊരു നോവലിസ്റ്റായി മാറുമെന്ന സ്വപ്നത്തിന് പിന്നാലെയാണ്. എഞ്ചിനീയറായ ഉമ്മൻ ബാംഗ്ലൂരിലെ ഐടി ജോലി വിട്ട് നാട്ടിൽ കോഫി ഷോപ്പ് നടത്തുകയാണ്. തമ്പി കുട്ടികളുടെ ഫുട്ബോൾ പരിശീലകനായി അവരോടൊപ്പമാണ്.

ഇവരുടെ ജീവിതത്തിലേക്ക് മറിയം, ഷെർലിൻ, റിസ്വാൻ, അപർണ, അബു, അൽത്താഫ് തുടങ്ങിയ ഏതാനും കഥാപാത്രങ്ങള്‍ കടന്നുവരുന്നതോടെ നടക്കുന്ന സംഭവങ്ങളാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. ഏറെ സൂക്ഷ്മമായി ഓരോ രംഗവും കാഴ്ചക്കാരന്‍റെ ഉള്ളം തൊടുന്ന വിധത്തിൽ ലളിതമായും എന്നാൽ ഏറെ ഹൃദയസ്പർശിയുമായാണ് ഒരുക്കിയിരിക്കുന്നത്. സരസമായ രീതിയിൽ ഒട്ടും വലിച്ചുനീട്ടാതെ കുട്ടികള്‍ക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ‘തിരികെ’ എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് നിർമ്മിച്ചിരിക്കുന്നത്. ശ്യാമപ്രകാശിന്‍റെ ഛായാഗ്രഹണവും ലാൽ കൃഷ്ണയുടെ എഡിറ്റിംഗും മികച്ചുനിൽക്കുന്നതാണ്. സിബി മാത്യു അലക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും സിജിൻ തോമസും വിഷ്ണു വർമ്മയും കാർത്തിക് കൃഷ്ണനും ഒരുക്കിയിരിക്കുന്ന പാട്ടുകളും സിനിമയുടെ പ്ലസാണ്. ആകെമൊത്തം ഒരു ഫീൽഗുഡ് ഫാമിലി കോമഡി ഡ്രാമയാണ് തോൽവി എഫ്‍സി.