Breaking
18 Sep 2024, Wed

ഓറഞ്ച് പടയെ എറിഞ്ഞിട്ട് ഇം​ഗ്ലീഷ് പട; ബെൻ സ്റ്റോക്സ് കളിയിലെ താരം

പുണെ ∙ ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇംഗ്ലണ്ടിന് 160 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റു കൊണ്ടും പിന്നാലെ ബോളിങ്ങിലും കരുത്തുകാട്ടിയ ഇംഗ്ലണ്ട് ഏകപക്ഷീയമായാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. 340 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഓറഞ്ചു പട 37.2 ഓവറിൽ 179 റൺസിന് പുറത്തായി. 34 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്ന തേജ നിഡാമനുരുവാണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി സെഞ്ചറി നേടിയ ബെൻ സ്റ്റോക്സാണ് കളിയിലെ താരം. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്‍റെ രണ്ടാം ജയമാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് ഒരുഘട്ടത്തിലും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല. സ്കോര്‍ ബോർഡിൽ 13 റൺസ് ചേർക്കുന്നതിനിടെ അവർക്ക് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. മാക്സ് ഒഡൗഡ് 5 റൺസും കോളിൻ അക്കർമൻ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. മൂന്നാം വിക്കറ്റിൽ വെസ്‌ലി ബരെസിയും (62 പന്തിൽ 37) സൈബ്രാൻഡ് ഏംഗൽബ്രെക്ടും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 68ൽ നിൽക്കേ ബരെസി പുറത്തായി. ക്യാപ്റ്റൻ സ്കോട്ട് എഡ്‌വാർഡ്സ് (42 പന്തിൽ 38), തേജ നിഡാമനുരുവിനൊപ്പം ആറാം വിക്കറ്റിൽ ചേർത്ത 59 റൺസാണ് അവരുടെ ഉയർന്ന കൂട്ടുകെട്ട്.

ബാസ് ഡിലീഡ് (12 പന്തിൽ 10), ലോഗൻ വാൻബീക് (2 പന്തിൽ 2), റോളോഫ് വാൻഡെർമെർവ് (0), ആര്യൻ ദത്ത് (3 പന്തിൽ 1), പോൾ വാൻമീകരൻ (3 പന്തിൽ 4) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ഇംഗ്ലണ്ടിനായി മോയീൻ അലിയും ആദിൽ റഷിദും മൂന്നു വീതം വിക്കറ്റു വീഴ്ത്തി. ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.