സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ‘ബാങ്ക്’ ചേർക്കുന്നതിനെതിരെ ആർബിഐ

സഹകരണ സംഘങ്ങൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സഹകരണ സംഘങ്ങൾ ബാങ്കിങ് റെഗുലേഷൻ നിയമം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആർബിഐ നിർദേശം. ഇന്ന് പ്രസിദ്ധീകരിച്ച പ്രമുഖ ദിനപത്രങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പും ആർബിഐ നൽകിയിട്ടുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ആർബിഐയുടെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

വ്യവസ്ഥകൾ ലംഘിച്ച്, ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവരിൽനിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആർബിഐ ചൂണ്ടിക്കാട്ടുന്നു. ബിആർ ആക്ട്, 1949 പ്രകാരം ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് ആർബിഐ ലൈസൻസ് നൽകിയിട്ടില്ലാത്ത സഹകരണ സംഘങ്ങളിൽ നിക്ഷേപം നടത്തുന്നത് കരുതലോടെ വേണമെന്നാണ് മുന്നറിയിപ്പ്.

അംഗീകാരമില്ലാത്ത സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ (ഡിഐസിജിസി) ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ല. സഹകരണ സംഘങ്ങൾ, ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണങ്കിൽ ജാഗ്രത പാലിക്കാനും, ഇടപാടുകൾ നടത്തുന്നതിനു മുമ്പ് ആർബിഐ നൽകിയ ബാങ്കിംഗ് ലൈസൻസ് ഉണ്ടോ എന്നുറപ്പാക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്നും ആർബിഐ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.