Breaking
18 Sep 2024, Wed

സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറിയ സംഭവം; ശോശാമ്മയുടെ ചിതാഭസ്മം പള്ളിയിൽ സംസ്കരിക്കും

കാഞ്ഞിരപ്പള്ളി∙ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിന് ചർച്ചയിലൂടെ പരിഹാരം.

ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശിയായ പുത്തൻപറമ്പിൽ ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയിൽ നിക്ഷേപിക്കാൻ ധാരണയായി. ശോശാമ്മ ജോണിനെ ദഹിപ്പിച്ച സ്ഥലത്തുനിന്ന് ചിതാഭസ്മം ശേഖരിച്ച് കൂട്ടിക്കൽ സെന്റ് ലൂക്സ് സിഎസ്ഐ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കാനാണ് ധാരണ. അതിനു മുന്നോടിയായി ചിതാഭസ്മം ചോറ്റിയിലെ വീട്ടിലെത്തിച്ച് പ്രാർഥന നടത്തും.

പുത്തൻപറമ്പിൽ പരേതനായ പി.സി. ജോണിന്റെ (ജോയിക്കുട്ടി) ഭാര്യയാണ് ശോശാമ്മ ജോൺ. മൈലപ്ര കൊച്ചുകിഴക്കേതിൽ കുടുംബാംഗമാണ്.ഇപ്പോഴും ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ചെറുവള്ളി മാൻകുഴിയിൽ കമലാക്ഷിയമ്മയുടെ (80) മൃതദേഹം മക്കൾ ഏറ്റുവാങ്ങി സംസ്കരിക്കാനും ധാരണയായി. പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യയാണ് കമലാക്ഷിയമ്മ.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെയും തഹസിൽദാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. ചിറക്കടവ് കവല സ്വദേശിനിയായ കമലാക്ഷിയുടെ മൃതദേഹെന്ന പേരിൽ, ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.

മൃതദേഹം മതാചാരപ്രകാരം ദഹിപ്പിച്ച ശേഷമാണ് ആളു മാറിയതായി കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽനിന്നാണ് മൃതദേഹങ്ങൾ മാറി നൽകിയത്. സംസ്കാര ശുശ്രൂഷകൾക്കു ശേഷം ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് ശോശാമ്മയുടെ കുടുംബം അറിയിച്ചു.

അതേസമയം, മകൻ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി ചർച്ച നടത്തിയത്