യുഎസ് ജിമ്മിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎസിലെ ഫിറ്റ്‌നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24 കാരനായ വരുൺ രാജ് ആണ് മരിച്ചത്. ഒക്ടോബർ 29 ന് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി തലയിൽ കുത്തി വീഴ്ത്തുകയായിരുന്നു. യുഎസ് സ്റ്റേറ്റ് ഓഫ് ഇന്ത്യാനയിലാണ് സംഭവം. വാൽപാറൈസോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട വരുൺ രാജ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ഒക്ടോബർ 29 ന് പബ്ലിക് ജിമ്മിൽ വെച്ച് പ്രതി ജോർദാൻ ആന്ദ്രേഡ് (24) വരുണിനെ ആക്രമിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.