MVR അനുസ്മരണം വിവാദമായി; കുഞ്ഞാലിക്കുട്ടി പിന്മാറി

ഇന്ന് കണ്ണൂരിൽ വെച്ച് സിപിഎം അനുകൂല ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലും – സിഎംപി പരിപാടിയിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. സിപിഎം അനുകൂല ട്രസ്റ്റന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് കുഞ്ഞാലികുട്ടിയുടെ പിൻമാറ്റം. ഇന്നാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.

കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം: ഒൻപതാം ചരമവാർഷികത്തിന്റെ ഭാഗമായി നടക്കുന്ന എം.വി.ആർ അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ മകൻ എം. വി നികേഷ് കുമാർ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എം. വി. ആറുമായിട്ടുള്ള അടുപ്പം വെച്ച് ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു

ഈ പരിപാടിയിൽ കോൺഗ്രസ്‌ നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇന്ന് മീഡിയകൾ ഞാൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം. വി. ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും എനിക്കേറെ പ്രിയപ്പെട്ട എം.വി ആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.