ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും നേർക്കുനേർ; ഇരു ടീമുകൾക്കും നിർണ്ണായകം

ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യയോടെറ്റ തോൽവി മറന്ന് വിജയവഴിയിൽ തിരിച്ചെത്താൻ ദക്ഷിണാഫ്രിക്ക ശ്രമിക്കുമ്പോൾ സെമി സാധ്യതകൾ നിലനിർത്താനാണ് അഫ്ഗാനിസ്ഥാൻ ശ്രമിക്കുക. ഇന്ന് ജയിച്ചാലും അഫ്ഗാന്റെ സെമി സാധ്യതകൾ വിദൂരമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.

നിലവിൽ 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയക്ക് അത്രതന്നെ പോയിന്റുകളുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ് കൂടുതൽ. എട്ട് പോയിന്റുള്ള അഫ്ഗാനിസ്ഥാൻ ആറാം സ്ഥാനത്താണ്. സെമി സാധ്യത നിലനിർത്താൻ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയെ 400+ റൺസിന് തോൽപ്പിക്കണം. നാലാം സ്ഥാനക്കാരായ ടീമാണ് ആദ്യ സെമിയിൽ ഇന്ത്യയെ നേരിടുക.

കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാൻ തോറ്റിരുന്നു. ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് തോൽവിക്ക് പിന്നിൽ. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും അഫ്ഗാനിസ്ഥാൻ ഇന്ന് പ്രതീക്ഷിക്കില്ല. ഫസൽഹഖ് ഫാറൂഖിയെ അഫ്ഗാനിസ്ഥാന്റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. ഗ്ലെൻ മാക്സ്‌വെല്ലിനെ ക്യാച്ച് കളഞ്ഞ മുജീബ് ഉർ റഹ്മാൻ ബെഞ്ചിലായേക്കും.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം സെമി ഉറപ്പിച്ചതിനാൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാനാണ് സാധ്യത. ഏകദിനത്തിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത് ഒരു മത്സരത്തിൽ മാത്രമാണ്, ആ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചു.